LiveTV

Live

Qatar

ഖത്തറില്‍ വേനല്‍ചൂട് കടുത്തു; സുരക്ഷ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

പകല്‍ സമയങ്ങളില്‍ ചെറിയ കുട്ടികളെ കാറിനകത്തിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

ഖത്തറില്‍ വേനല്‍ചൂട് കടുത്തു; സുരക്ഷ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

ഖത്തറില്‍ വേനല്‍ചൂട് കടുത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷാനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. പകല്‍ സമയങ്ങളില്‍ ചെറിയ കുട്ടികളെ കാറിനകത്തിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വേനല്‍ കടുത്തതിനെ തുടര്‍ന്ന് ശക്തിയായ ചൂടാണ് ഖത്തറില്‍ സമീപദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.

വരും ആഴ്ച്ചകളിലെല്ലാം ഇതെ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇതെ തുടര്‍ന്നാണ് ഖത്തറിലെ പൊതുമേഖലാ ആരോഗ്യപരിചരണ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയത്. ചൂട് കൂടിയ പകല്‍സമയങ്ങളില്‍ ചെറിയ കുട്ടികളെ യാതൊരു കാരണവശാലും കാറിനകത്തിരുത്തി കൂടെയുള്ളവര്‍ പുറത്ത് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പാര്‍ക്ക് ചെയ്ത് പോകുന്ന കാറുകളില്‍ പുറത്തുള്ളതിനേക്കാളും കൂടിയ താപനിലയാണുണ്ടാവുക. മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഈ താപനില ക്രമാതീതമായി കൂടാനും സാധ്യതയുണ്ട്.

ഈ സമയം കാറിനകത്തുള്ള കുഞ്ഞുങ്ങള്‍ക്ക് കടുത്ത പനി, നിര്‍ജ്ജലീകരണം, ഹൃദയസ്തഭനം തുടങ്ങിയവ അനുഭവപ്പെടാനും മരണത്തിന് തന്നെ കാരണമാകാനും സാധ്യതയുണ്ട്. കുട്ടികളുടെ ശരീരോഷ്മാവ് മുതിര്‍ന്നവരേക്കാള്‍ അഞ്ച് മടങ്ങ് കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഓഫാക്കി പാര്‍ക്ക് ചെയ്ത് പോകുന്ന കാറുകളില്‍ ഒരു മിനുട്ട് പോലും കുഞ്ഞുങ്ങളെ ഇരുത്തിപ്പോകരുതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പീഡിയാട്രിക്സ് വിഭാഗം ഡയറക്ടര്‍ ഡോ റാഫേല്‍ കോണ്‍സുണ്‍ജി പറഞ്ഞു. തണലുള്ള ഭാഗങ്ങളില്‍ ഗ്ലാസുകള്‍ തുറന്നിട്ട അവസ്ഥയിലും ഇതെ അപകടം വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ കുട്ടികളെയും കൂട്ടിമാത്രമേ രക്ഷിതാക്കള്‍ പുറത്തേക്ക് പോകാവൂവെന്നും അദ്ദേഹം നിര്‍ദേശിച്ചു അതെ സമയം സീറ്റിന്‍റെയും അകത്തെ റൂഫിന്‍റെയും നിറങ്ങള്‍ കാറിനകത്തെ താപനില കൂട്ടുമെന്ന വാദങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി