LiveTV

Live

Qatar

വന്ദേഭാരത് നാലാം ഘട്ടം; ഖത്തറില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം സര്‍വീസുകള്‍

കേരളത്തിലേക്ക് മാത്രം 151 വിമാനങ്ങള്‍, ഏകദേശം 27,000 പേര്‍ക്ക് മടങ്ങാം

വന്ദേഭാരത് നാലാം ഘട്ടം; ഖത്തറില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം സര്‍വീസുകള്‍

വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം ഷെഡ്യൂള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചപ്പോള്‍ ഖത്തറില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം സര്‍വീസുകള്‍. ഖത്തറിലെ പ്രവാസികളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് മൊത്തം 193 വിമാനങ്ങളാണ് ജൂലൈ മൂന്ന് മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 151 വിമാനങ്ങളും കേരളത്തിലേക്ക്. ഏകദേശം ഇരുപത്തിയേഴായിരം മലയാളി പ്രവാസികള്‍ക്ക് ഈ ഘട്ടത്തില്‍ മടങ്ങാന്‍ കഴിയും. ഇതോടെ കേരളത്തിലേക്ക് ഇനി ചാര്‍ട്ടേര്‍ഡ് സര്‍വീസുകളുടെ ആവശ്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

മൊത്തം 151 സര്‍വീസുകളില്‍ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതല്‍. 47 എണ്ണം. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 35 വീതം വിമാനങ്ങള്‍. തിരുവനന്തപുരത്തേക്ക് മുപ്പത്തിനാലും സര്‍വീസുകള്‍. ജൂലൈ പത്തിന് കൊച്ചിയിലേക്കാണ് നാലാം ഘട്ടത്തില്‍ കേരളത്തിലേക്കുള്ള ആദ്യ വിമാനം.

കേരളത്തിന് പുറത്തേക്ക് ആകെ 42 വിമാനങ്ങളാണുള്ളത്. ഉത്തര്‍പ്രദേശ്-7, മഹാരാഷ്ട്ര-12,തമിഴ്നനാട്-8, തെലങ്കാന-8, കര്‍ണാടക-8. ജൂലൈ മൂന്നിന് ലക്നൌവിലേക്കാണ് ഈ ഘട്ടത്തിലെ ആദ്യ സര്‍വീസ്.

ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഇത്തവണ ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്. കേരളത്തിലേക്ക് ഇതാദ്യമായാണ് വന്ദേഭാരത് മിഷന്‍ സര്‍വീസ് ഇന്‍ഡിഗോ നടത്തുന്നത്.