LiveTV

Live

Qatar

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍; കൂടുതല്‍ ഇളവുകള്‍

കോര്‍ണീഷ്, ബീച്ചുകള്‍, പാര്‍ക്കുകള്‍, മാളുകള്‍, മ്യൂസിയങ്ങള്‍ തുറക്കും

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍; കൂടുതല്‍ ഇളവുകള്‍

ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ രണ്ടാം ഘട്ടം. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ പകുതി പേര്‍ക്കും നേരിട്ടെത്തി ജോലി ചെയ്യാം എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ഇളവ്. ബാക്കി അമ്പത് ശതമാനം വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യണം. രാജ്യത്തെ എല്ലാ പാർക്കുകളും ബീച്ചുകളും കോർണിഷുകളും പൊതുജനങ്ങൾക്കായി തുറക്കും. എല്ലാ പ്രായക്കാർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളുടെ കളിസ്ഥലങ്ങള്‍ തുറക്കാൻ ഈ ഘട്ടത്തിലും അനുമതി നൽകിയിട്ടില്ല.

തുറസ്സായ സ്​ഥലങ്ങളിലും വലിയ ഹാളുകളിലും കായിക താരങ്ങൾക്ക് പരിശീലനങ്ങളിലേർപ്പെടാം. എന്നാൽ പരമാവധി 10 പേർ മാത്രമേ പാടുള്ളൂ.

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന ശേഷി 60 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.

പരിമിതമായ സമയത്തിലും ശേഷിയിലും രാജ്യത്തെ മ്യൂസിയങ്ങളും ലൈബ്രറികളും പ്രവർത്തനം പുനരാരംഭിക്കും.

കൂടുതല്‍ പള്ളികളും ആരാധനാ കര്മ്മങ്ങള്‍ക്കായി തുറന്നുകൊടുക്കും.

അതെ സമയം നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ തന്നെയും പൊതു, സ്വകാര്യ ഇടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ലെന്ന്​ ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി നിർദേശം നൽകിയിട്ടുണ്ട്

പുറത്തിറങ്ങുമ്പോൾ മാസ്​കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇഹ്തിറാസ്​ ആപ്പ് പ്രവർത്തിപ്പിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കാൻ എല്ലാവരും കൂടുതൽ ജാഗ്രത കാണിക്കണമെന്നും സമിതി നിർദേശം നൽകി.