LiveTV

Live

Qatar

വൈറസിന് ഉപരോധം പ്രഖ്യാപിച്ചു ഖത്തർ; ആളനക്കമില്ലാതെ ദോഹ നഗരം

വൈറസിന് ഉപരോധം പ്രഖ്യാപിച്ചു ഖത്തർ; ആളനക്കമില്ലാതെ ദോഹ നഗരം

ഖത്തറില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ണമായ നിയന്ത്രണങ്ങള്‍ വന്ന ആദ്യ ദിനമായിരുന്നു ഞായറാഴ്ച്ച. ബീച്ചുകള്‍, പാര്‍ക്കുകള്‍, കോര്‍ണീഷ് തുടങ്ങിയവയെല്ലാം അടച്ചു. മിക്ക വ്യാപാരകേന്ദ്രങ്ങളും കൂടി അടച്ചതോടെ ദോഹ വിജനമായി

എല്ലാ വക ജനങ്ങള്‍ക്കും പലവകകളും കിട്ടുന്ന സൂഖ് ഖറാജില്‍ ഒരു വകയും തുറന്നില്ല. മൂന്ന് വഴികളിലെയും ഗേറ്റുകള്‍ ഒരു വൈറസിനെയും പ്രവേശിപ്പിക്കില്ലെന്ന വാശിയില്‍ അടഞ്ഞു തന്നെ കിടന്നു. അരയും മുക്കാലും ചിലപ്പോ ഒരു മണിക്കൂറുമൊക്കെ ബ്ലോക്കില്‍ കിടക്കേണ്ടി വരുന്ന ദോഹയിലെ സിഗ്നലുകള്‍ എന്തിനോ വേണ്ടി ചുവപ്പും പച്ചയും കത്തിക്കൊണ്ടിരുന്നു.

വിജനമായ റോഡരികുകളിലൂടെ വല്ലപ്പോഴും മാത്രം ഏതെങ്കിലുമൊരു വിദേശി നടന്നുപോയി. സൂചികുത്താന്‍ ഇടങ്ങളില്ലാത്ത സൂഖവാഖിഫിന്‍റെ തെരുവോരങ്ങളില്‍ പക്ഷെ പ്രാക്കളെ പോലും കാണാനാകാത്തൊരു ദിനം ചരിത്രത്തിലാദ്യമായിരിക്കുമെന്ന് പലരും അടക്കം പറഞ്ഞു. പഴമയുടെ പ്രൌഡിയുമായി ലോകത്തെ മാടിവിളിച്ച മാട്ടപ്പീടികകള്‍ക്ക് മുന്നിലെ നിരപ്പലകകള്‍ വൈറസുകളോട് സലാം പറഞ്ഞു.

സൂഖ് അല്‍ ഫാലയിലും സൂഖ് അല്‍ജാബറിലുമൊക്കെ റോഡരികുകളില്‍ പാര്‍ക്കിങ് സ്പേസുകള്‍ ഫ്രീയായിക്കിടക്കുന്നത് ജീവിതത്തിലാദ്യമായി കണ്ടതിന്‍റെ അതിശയം കൊണ്ടാകണം കാറോടിച്ച സുഹൃത്തിന്‍റെ കൈവിരല്‍ അദ്ദേഹത്തിന്‍റെ മൂക്കത്ത് തന്നെ വിശ്രമം കൊണ്ടു.

ഫിലിപ്പൈനികളുടെ വിഹാരകേന്ദ്രമായ കബായേന്‍ സെന്‍ററിന് മുന്നില്‍ പേരിന് പോലും ഒരു ഫിലിപ്പൈനിയെ കണ്ടില്ല. പരദേശവാസത്തിന്‍റെ നോവുകളിറക്കി വെക്കാനുള്ള പ്രവാസത്തിന്‍റെ അത്താണിയായ കോര്‍ണിഷും വിജനമായി തന്നെ കിടന്നു.

കണ്ണുനീരിന്‍റെ ഉപ്പുരസം നുണഞ്ഞ് രസിച്ചിരുന്ന കോര്‍ണീഷിലെ തിരമാലകള്‍ കേറിയുമിറങ്ങിയും ബഹളംവെച്ചും സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍ക്കായി പോസും പിടിച്ചുനില്‍ക്കുന്ന കോര്‍ണിഷിലെ മുത്തും ചിപ്പിയും നീളത്തിലൊരു കോട്ടുവായിട്ടു

കണ്ടുകാണാനിടയില്ലാത്ത കാഴ്ച്ചകളില്‍ അന്തം വിട്ടു നിന്ന കോര്‍ണീഷിലെ അംബരച്ചുംബികള്‍ക്കിടിലൂടെ ഖത്തര്‍ എയര്‍വേയ്സിന്‍റെ വിമാനങ്ങള്‍ പരക്കം പറന്നില്ല. പകരം ആധിയുടെ അടക്കംപറച്ചിലുകളുമായി ഒരു വടക്കന്‍ കാറ്റ് പതുക്കെ വീശിയകന്നു.

കോവിഡിന് കൂച്ചുവിലങ്ങിടാനായി ഭരണകൂടം കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമായ ദിവസം ദോഹയുടെ സായന്തനം കാഴ്ച്ച വെച്ച ദൃശ്യങ്ങളെ ചുരുക്കത്തില്‍ ഇങ്ങനെയൊക്കെ വര്‍ണിക്കാം.