LiveTV

Live

Qatar

കൊറോണ; ഖത്തറിലെ ഇരുപത്തിയഞ്ചില്‍ ഇരുപത്തിമൂന്ന് പേര്‍ക്കും വൈറസ് ബാധയില്ല

രോഗലക്ഷണങ്ങളോ സമാന പകര്‍ച്ച വ്യാധികളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എത്രയും പെട്ടെന്ന് അധികൃതരെ അറിയിക്കുന്നതിനായി 66740948 എന്ന ടോള്‍ ഫ്രീ നമ്പറിലോ 66740951 എന്ന നമ്പറിലോ വിളിക്കാവുന്നതാണ്

കൊറോണ; ഖത്തറിലെ ഇരുപത്തിയഞ്ചില്‍ ഇരുപത്തിമൂന്ന് പേര്‍ക്കും വൈറസ് ബാധയില്ല

ഖത്തറില്‍ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുപത്തിയഞ്ച് പേരില്‍ ഇരുപത്തിമൂന്ന് പേര്‍ക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. രണ്ട് പേരുടെ പരിശോധനാഫലം ഉടന്‍ പുറത്തുവരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 25 പേരെയാണ് ഖത്തറില്‍ വിദഗ്ദ്ധ പരിശോധനയ്കക്ക് വിധേയമാക്കിയത്. ഇതില്‍ 23 പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തി.

ബാക്കിയുള്ള രണ്ട് പേരുടെ സാംപിളുകളിന്മേല്‍ പരിശോധനകള്‍ നടന്നുവരികയാണ്. ഇതിന്‍റെ ഫലം ഇന്ന് തന്നെ പുറത്തുവിടാന്‍ കഴിയുമെന്നും ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോക്ടര്‍ അബ്ദുള്‍ ലത്തീഫ് അല്‍ ഖല്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ചൈനയിലേക്ക് യാത്ര ചെയ്ത സ്വദേശികളും വിദേശികളുമടങ്ങിയ ഇരുപത്തിയഞ്ച് പേര്‍ രോ ഗസംശയത്തിന്‍റെ പേരില്‍ സ്വന്തം നിലയ്ക്ക് തന്നെ ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ പരിശോധനകള്‍ക്ക് വിധേയമാകണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറി സംവിധാനങ്ങളാണ് ഇതിനായി ആരോഗ്യ മന്ത്രാലയം രാജ്യത്ത് സജ്ജീകരിച്ചിരിക്കുന്നത്.

രോഗലക്ഷണങ്ങളോ സമാന പകര്‍ച്ച വ്യാധികളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എത്രയും പെട്ടെന്ന് അധികൃതരെ അറിയിക്കുന്നതിനായി 66740948 എന്ന ടോള്‍ ഫ്രീ നമ്പറിലോ 66740951 എന്ന നമ്പറിലോ വിളിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുമായുള്ള ആശയവിനിമയത്തിലൂട രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ആരോഗ്യമന്ത്രാലയം സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.