ഖത്തറുമായി കുവൈത്ത് ദീര്‍ഘ വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചു
കുവൈത്ത് പുതുതായി നിര്‍മ്മിക്കുന്ന അല്‍ സോര്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെയാണ് ഇറക്കുമതി തുടങ്ങുക

ഖത്തറുമായി കുവൈത്ത് ദീര്‍ഘ വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചു. 15 വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി കയറ്റുമതിക്കുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇതനുസരിച്ച് 2022 മുതല്‍ ഓരോ വര്‍ഷവും മൂന്ന് ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ഖത്തര്‍ കുവൈത്തിന് നല്‍കും.
ഇതിനായുള്ള കരാറില്‍ കുവൈത്ത് ഊര്‍ജ്ജ മന്ത്രിയും പെട്രോളിയം കോര്പ്പറേഷന് ബോര്‍ഡ് ചെയര്‍മാനുമായ ഖാലിദ് അല്‍ ഫാദെലും ഖത്തര്‍ ഊര്‍ജ്ജ കാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റുമായ സാദ് ഷെരീദ അല്‍ കാബിയും തമ്മില്‍ ഒപ്പുവെച്ചു. കുവൈത്ത് പുതുതായി നിര്‍മ്മിക്കുന്ന അല്‍ സോര്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെയാണ് ഇറക്കുമതി തുടങ്ങുക.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ എല്‍എന്‍ജി കരാറുകളിലൊന്നാണിതെന്നും 2018 അവസാനത്തോടെ തന്നെ ഇതിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചതാണെന്നും ഖത്തര്‍ പെട്രോളിയം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഒസ്മാന്‍ അല്‍ യാഫെ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണ ബന്ധത്തിന് പുതിയ കരാര്‍ കരുത്ത് പകരുമെന്നും പുതിയ അവസരങ്ങള്‍ തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.