മധ്യേഷ്യയില്‍ യുദ്ധഭീതി നിലനില്ക്കുന്നു; ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്റുമായി ചര്‍ച്ച നടത്തി
എന്ത് കാരണങ്ങളുടെ പേരിലായാലും അക്രമ പ്രവര്‍ത്തനങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഖത്തര്‍ എക്കാലത്തും ശക്തമായി നിലകൊള്ളുമെന്ന് വിദേശകാര്യമന്ത്രാലയം

മധ്യേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതിക്കിടെ ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികളെകുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. അമേരിക്ക, ഫ്രഞ്ച് വിദേശകാര്യമന്ത്രിമാരുമായി ഖത്തര്‍ വിദേശകാര്യമന്ത്രിയും ചര്‍ച്ച നടത്തി
അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന് സൈനിക തലവന്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ യുദ്ധഭീതിക്കിടെയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി സംസാരിച്ചത്. ടെലിഫോണ്‍ വഴി സംസാരിച്ച ഇരുവരും മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനാവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ത്താനി അമേരിക്കന്‍ വിദേശകാര്യമന്ത്രി മൈക് പോംപിയോയുമായി ടെലിഫോണില്‍ സംസാരിച്ചു. ഇറാന് സൈനിക തലവന്റെ മരണത്തിന് പിന്നാലെ മേഖലയില്‍ രൂപപ്പെട്ട യുദ്ധഭീതി ഇല്ലാതാക്കാന്‍ സാധ്യമായ കാര്യങ്ങളെകുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. തുര്‍ക്കി വിദേശകാര്യമന്ത്രി മൌലൂദ് ജാവിഷോഗ്ലൂവുമായും ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായും ഖത്തര്‍ വിദേശകാര്യമന്ത്രി ഫോണില്‍ സംസാരിച്ചു.
അതിനിടെ ഇറാഖില മൊസൂളില്‍ രണ്ട് പോലിസുകാര്‍ മരിക്കാനിടയായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. എന്ത് കാരണങ്ങളുടെ പേരിലായാലും അക്രമ പ്രവര്‍ത്തനങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഖത്തര്‍ എക്കാലത്തും ശക്തമായി നിലകൊള്ളുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.