LiveTV

Live

Qatar

കുടുംബ വിസയിലുള്ള 18 വയസ്സ് പ്രായമായ ആണ്‍കുട്ടികള്‍ക്ക് ഇളവുമായി ഖത്തര്‍

കുടുംബ വിസയിലുള്ള 18 വയസ്സ് പ്രായമായ ആണ്‍കുട്ടികള്‍ക്ക് ഇളവുമായി ഖത്തര്‍

ഖത്തറില്‍ കുടുംബ വിസയിലുള്ള പതിനെട്ട് വയസ്സ് പ്രായമായ ആണ്‍കുട്ടികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ ഇനി മുതല്‍ മറ്റ് സ്പോണ്‍സര്‍ഷിപ്പുകളുടെ ആവശ്യമില്ല. പിതാവിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ തന്നെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന പുതിയ നിയമപരിഷ്കരണം ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. താല്‍ക്കാലിക ജോലികള്‍ക്കായി പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിന് ആറ് മാസം വരെ താങ്ങാവുന്ന പുതിയ പ്രൊഫഷണല്‍ വിസിറ്റ് വിസയും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.

ആഭ്യന്തര മന്ത്രാലയം, ഭരണവികസനകാര്യമന്ത്രാലയം, തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയം എന്നിവ സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. കുടുംബ വിസയില്‍ ഖത്തറില്‍ താമസിക്കുന്ന പതിനെട്ട് വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലിയെടുക്കുന്നതിന് പുതിയ സ്പോണ്‍സര്‍ഷിപ്പുകളുടെ ആവശ്യമില്ലെന്നതാണ് പ്രധാന പ്രഖ്യാപനം. ജോലി നോക്കുന്ന കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പുകളിലേക്ക് മാറാതെ പിതാവിന്‍റെ ആശ്രിതവിസയില്‍ തന്നെ നിന്ന് ഇവര്‍ക്ക് ജോലി ചെയ്യാം. ഭര്‍ത്താവിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ ഭാര്യയ്ക്കും അവരുടെ പെണ്‍കുട്ടിക്കും ജോലി ചെയ്യാമെന്ന നിയമം നിലവില്‍ ഖത്തറിലുണ്ട്. പുതിയ പ്രഖ്യാപനം കൂടി പ്രാബല്യത്തില്‍ വരുന്നതോടെ കുടുംബത്തിലെ എല്ലാവര്‍ക്കും പിതാവിന്‍റെ തന്നെ സ്പോണ്‍സര്‍ഷിപ്പില്‍ സ്വകാര്യമേഖലയില്‍ ജോലി നോക്കാം.

പുതിയ നിയമം ഒരു പോലെ പ്രവാസി കുടുംബങ്ങള്‍ക്കും കമ്പനികള്‍ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. താല്‍ക്കാലിക ജോലികള്‍ക്കായി നാട്ടില്‍ നിന്നും പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിന് ആറ് വരെ താമസാനുമതിയുള്ള പുതിയ വിസിറ്റ് വിസ അനുവദിക്കുന്നുവെന്നതാണ് മറ്റൊരു പ്രഖ്യാപനം. ലൈസന്‍സുള്ള കമ്പനികള്‍ക്കും വ്യവസായ ശാലകള്‍ക്കും മാത്രമായിരിക്കും ഈ വിസ അനുവദിക്കുക. എന്നാല്‍ ഓരോ മാസം പുതുക്കുന്നതിനും നിശ്ചിത ഫീസ് ഈടാക്കുന്നതായിരിക്കും.

വിസാ നടപടിക്രമങ്ങളും മറ്റ് ആവശ്യങ്ങളും സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ മെട്രാഷ് വഴി ചെയ്യുന്നവര്‍ക്ക് ഇരുപത് ശതമാനം ഇളവ് ലഭ്യമാക്കുമെന്നതാണ് മൂന്നാമത്തെ പ്രഖ്യാപനം. നിലവില്‍ കൂടുതല്‍ ആളുകളും ഇത്തരം ജോലികള്‍ സ്വകാര്യ സര്‍വീസ് ഏജന്‍സികള്‍ വഴിയാണ് ചെയ്യുന്നത്. മറ്റ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഉടന്‍ തന്നെ പുതിയ പരിഷ്കരണങ്ങള്‍ നിലവില്‍ വരും.

പാസ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ്, ഭരണവികസനകാര്യമന്ത്രാലയത്തിലെ തൊഴില്‍ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഹസന്‍ അല്‍ ഉബൈദലി, നിയമമന്ത്രാലയത്തിലെ അസിസ്റ്റന്‍റ് ഡയറക്ടര‍്‍ ലഫ്റ്റനന്‍റ് കേണല്‍ അബ്ദുള്ള അല്‍ ഹറേമി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.