LiveTV

Live

Qatar

നീതിന്യായ കോടതിയില്‍ ഉപരോധ രാജ്യങ്ങള്‍ നല്‍കിയ അപ്പീലിനെതിരെ ഖത്തര്‍ എതിര്‍ഹര്‍ജികള്‍ നല്‍കി

ഇതിന്മേല്‍ വാദംകേൾക്കലും മറ്റ് നടപടിക്രമങ്ങളും 2019 അവസാനത്തോടെ പൂർത്തിയാവുമെന്നാണ് കരുതുന്നത്

നീതിന്യായ കോടതിയില്‍ ഉപരോധ രാജ്യങ്ങള്‍ നല്‍കിയ അപ്പീലിനെതിരെ ഖത്തര്‍ എതിര്‍ഹര്‍ജികള്‍ നല്‍കി

ഉപരോധവുമായി ബന്ധപ്പെട്ട് വ്യോമപാതകള്‍ വിലക്കിയ നടപടിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉപരോധ രാജ്യങ്ങള്‍ നല്‍കിയ അപ്പീലിനെതിരെ ഖത്തര്‍ എതിര്‍ഹര്‍ജികള്‍ നല്‍കി. ഉപരോധത്തിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഉപരോധരാജ്യങ്ങൾ നടത്തിയിരിക്കുന്നത് എന്ന് ആരോപിച്ചാണ് ഹരജികള്‍.

ഉപരോധത്തെ തുടര്‍ന്ന് വ്യോമപാതകളടച്ച നടപടി വ്യോമയാന രംഗത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കാട്ടി ഖത്തര്‍ നേരത്തെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ പിന്നീട് ഉപരോധരാജ്യങ്ങള്‍ സംയുക്ത അപ്പീല്‍ നല്‍കി.

ഈ അപ്പീലിനെതിരെയാണ് ഖത്തറിപ്പോള്‍ എതിര്‍ ഹരജികള്‍ നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ തങ്ങളുടെ ഭാഗവും നിലപാടും വിശദീകരിച്ചാണ് ഹരജികള്‍. ഇതിന്മേല്‍ വാദംകേൾക്കലും മറ്റ് നടപടിക്രമങ്ങളും 2019 അവസാനത്തോടെ പൂർത്തിയാവുമെന്നാണ് കരുതുന്നത്. തുടർന്ന് അന്താരാഷ്ട്ര കോടതി അന്തിമ ഉത്തരവിറക്കും. ഖത്തറിന്‍റെ വാദങ്ങളിലും ഹരജികളിലും ചൂണ്ടിക്കാണിച്ചപോലെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ നിർദേശങ്ങളും ചട്ടങ്ങളും ഉപരോധരാജ്യങ്ങൾ ലംഘിച്ചിട്ടുണ്ടോ ഇല്ലയോ എന്നാണ് അന്തിമമമായി കോടതി ഇക്കാര്യത്തിൽ തീരുമാനിക്കുക.

ഖത്തർ യൂനിവേഴ്സിറ്റിയിലെ ലോ കോളേജ് ഡീൻ ഡോ. മുഹമ്മദ് അബ്ദുൽ അസീസ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലാണ് ഖത്തർ അന്താരാഷ്ട്ര കോടതിയിൽ ഹാജരാകുന്നത്.

2017 ഒക്ടോബർ 20ന് ഇന്‍റർനാഷനൽ സിവിൽ ഏവിയേഷന്‍റെ കൗൺസിലിന് (ഐ.സി.എ.ഒ) മുന്നിൽ ഖത്തർ രണ്ട് ഹരജികൾ നൽകികിയിരുന്നു. വിവിധ രാജ്യങ്ങളുടെ വ്യോമപാതകളുമായി ബന്ധപ്പെട്ട ഐ.സി.എ.ഒയുടെ 1944 ചിക്കാഗോ കൺവെൻഷന്‍റെ തീരുമാനങ്ങളുടെ ലംഘനമാണ് ഉപരോധരാജ്യങ്ങൾ നടത്തിയിരിക്കുന്നത് എന്ന് ആരോപിച്ചാണ് ഒരു ഹരജി. കൺവെൻഷന്‍റെ ആർട്ടിക്കിൾ 84ന്‍റെ പരിധിയിൽ പെടുത്തിയായിരുന്നു ഹരജി. ഇന്‍റര്‍നാഷനൽ എയർ സർവീസ് ട്രാൻസിറ്റ് എഗ്രിമെൻറ് (ഐ.ഐ.എസ്.ടി.എ) സെക്ഷൻ രണ്ടിന്‍റെ ലംഘനം ഖത്തറിന്‍റെ കാര്യത്തിൽ നടന്നുവെന്ന് കാണിച്ച് ബഹ്റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കെതിരെ നൽകിയ ഹരജി ആണ് മറ്റൊന്ന്. ഈ രണ്ട് ഹരജികളിലും ഉപരോധരാജ്യങ്ങൾ വ്യോമപാത വിലക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നതെന്നും വൻ നീതി നിഷേധം ഉണ്ടായിരിക്കുന്നുെവന്നുമാണ് ഖത്തർ ചൂണ്ടിക്കാണിച്ചിരുന്നത്.