LiveTV

Live

Qatar

ഖത്തറില്‍ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പരിശോധന തുടങ്ങി

വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിട്ടുള്ള വിവിധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കുക

ഖത്തറില്‍ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പരിശോധന തുടങ്ങി

ഖത്തറില്‍ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പരിശോധന തുടങ്ങി. ദോഹയില്‍ ചേര്‍ന്ന ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വകാര്യ സ്കൂളുകളുടെ ശേഷി, ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതിനുള്ള റഫറൻസ് ചട്ടക്കൂടിന്റെ വികസനം, സ്വകാര്യ സ്കൂളുകൾ തമ്മിലുള്ള ബന്ധം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം, അധ്യാപകരുടെ എണ്ണം തുടങ്ങി വിഷയങ്ങളാണ് ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി ചര്‍ച്ച ചെയ്തത്.

ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാനായി വിവിധ സ്കൂളുകള്‍ നല‍്കിയിട്ടുള്ള അപേക്ഷകളിന്മേലുള്ള പരിശോധനകളും ഈ സമിതിയാണ് നടത്തുന്നത്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിട്ടുള്ള വിവിധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കുക. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാനും കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ തോവർ അൽ കുവാരി അധ്യക്ഷത വഹിച്ച നടപ്പുവർഷത്തെ വിദ്യാഭ്യാസ സമിതിയുടെ നാലാമത്തെ യോഗമാണ് ദോഹയില്‍ ചേര്‍ന്നത്.

ലൈസൻസിംഗിന്റെ ഉയർന്ന ചിലവ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ലൈസൻസുകളുടെ കുറവ്, മതിയായ സ്കൂളുകളുടെ അഭാവം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. സ്വകാര്യമേഖലയിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലെ ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും സുഗമമാക്കുന്നതിലും സർക്കാർ ഏജൻസികൾ വഹിക്കുന്ന പങ്ക് യോഗത്തിൽ അൽ കുവാരി ഊന്നിപ്പറഞ്ഞു.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒമര്‍ അബ്ദുല്‍ അസീസ് അല്‍ നമയും യോഗത്തില്‍പങ്കെടുത്തു. മന്ത്രാലയത്തിന്റെ പൊതുനയങ്ങൾ രൂപീകരിക്കുന്നതിന് കാരണമാകുന്ന നിർദേശങ്ങളും ആശയങ്ങളും കൊണ്ടുവരാൻ കമ്മിറ്റി അംഗങ്ങളും മന്ത്രാലയവും തമ്മിൽ പ്രതിമാസ യോഗം ചേരാനും അൽ നമ നിർദ്ദേശിച്ചു.