LiveTV

Live

Qatar

ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കി ഖത്തര്‍

കഴിഞ്ഞ ദിവസമാണ് അല്‍ അദിയ്യത്ത് എന്ന് പേരിട്ട 24 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ദോഹയിലെത്തിയത്

ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കി ഖത്തര്‍

ഖത്തര്‍ സ്വന്തമാക്കുന്ന ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ദോഹയിലെത്തി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി വിമാനവ്യൂഹത്തെ സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് അല്‍ അദിയ്യത്ത് എന്ന് പേരിട്ട 24 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ദോഹയിലെത്തിയത്.

ദുഖാന്‍ വ്യോമതാവളത്തില്‍ നടന്ന ചടങ്ങില്‍ അമീരി വ്യോമസേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി വിമാനവ്യൂഹത്തെയും ഉദ്യോഗസ്ഥരെയും സ്വീകരിച്ചു. തുടര്‍ന്ന് വിമാനങ്ങള്‍ പരിശോധിച്ചു. വിമാനങ്ങളുടെ ശേഷിയെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ അമീറിന് വിശദീകരിച്ചു നല്‍കി.

ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഡോ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ, ഖത്തരി ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ഗാനിം ബിന്‍ ഷഹീന്‍ അല്‍ ഗാനിം തുടങ്ങിയവര്‍ അമീറിനെ അനുഗമിച്ചിരുന്നു. തുടര്‍ന്ന് റാഫേല്‍ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ലൈവ് എയര്‍ ഷോയും അമീര്‍ വീക്ഷിച്ചു.

ഫ്രാന്‍സില്‍ നിന്നാണ് ഖത്തര്‍ അമീരി ഫോഴ്സ് പുതിയ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയത്. 2015ലായിരുന്നു ഇവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ ഖത്തറും ഫ്രാന്‍സും ഒപ്പിട്ടത്. നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. പിന്നീട് 2017ല്‍ പന്ത്രണ്ടെണ്ണം കൂടി നിര്‍മ്മിക്കാന്‍ ഖത്തര്‍ വീണ്ടും ഓര്‍ഡര്‍ നല്‍കിയിരുന്നു.

അത്യാധുനിക യുദ്ധവിമാനങ്ങളെത്തിച്ച് വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ നേരത്തെ ഖത്തര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അമേരിക്കയില്‍ നിന്ന് ഇരുപത്തിനാല് അപ്പാച്ചെ യുദ്ധ വിമാനങ്ങളും ബ്രിട്ടനില്‍ നിന്ന് ടൈഫൂണ്‍, ഹോക് യുദ്ധ വിമാനങ്ങളും സ്വന്തമാക്കുന്നതിനുള്ള കരാറില്‍ ഖത്തര്‍ ഒപ്പുവെച്ചിട്ടുണ്ട്. അമേരിക്കന്‍ വിമാനങ്ങള്‍ ഈ വര്‍ഷത്തോടെയും ബ്രിട്ടനില്‍ നിന്നുള്ളവ 2022 ഓടെയും ഖത്തറിലെത്തും.