അമേരിക്ക-താലിബാന് ചര്‍ച്ച ഖത്തറില്‍ പുനരാരംഭിച്ചു
17 വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുകയാണ് ചര്‍ച്ചയുടെ പരമമായ ലക്ഷ്യം

അമേരിക്ക - താലിബാന് സമാധാന ചര്‍ച്ചകള്‍ ഖത്തറില്‍ പുനരാരംഭിച്ചു. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കല്‍, സഖ്യസേനയ്ക്ക് എതിരെയുള്ള താലിബാന് ആക്രമണങ്ങള്‍ അവസാനിപ്പിക്കല്‍ തുടങ്ങിയവയാണ് ചര്‍ച്ചയിലെ മുഖ്യ വിഷയങ്ങള്‍.
കഴിഞ്ഞ ജനുവരിയില്‍ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. അമേരിക്കയുടെയും താലിബാന്റെയും മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. 17 വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുകയാണ് ചര്‍ച്ചയുടെ പരമമായ ലക്ഷ്യം.
രാജ്യത്ത് താലിബാന് വെടിനിര്‍ത്തലിന് തയ്യാറാവണമെന്ന ആവശ്യവും അമേരിക്ക ഉന്നയിക്കും. അമേരിക്കയുടെ നേതൃത്വത്തില്‍ രൂപം നല്കിയ അഷ്റഫ് ഗനി സര്‍ക്കാരുമായി താലിബാന് സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇതെല്ലാം താലിബാന് അംഗീകരിക്കുമോയെന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
താലിബാന്റെ സ്ഥാപക നേതാക്കളിലൊരാളായ മുല്ലാഹ് അബ്ദുല്‍ ഗനി ബറദാറാണ് താലിബാന് സംഘത്തെ നയിക്കുന്നത്. അമേരിക്കന്‍ സംഘത്തെ പ്രതിനിധീകരിച്ച് സ്പെഷ്യല്‍ റപ്രസന്റേറ്റീവ് സല്‍മായ് ഖലില്‍സാദും.