LiveTV

Live

Qatar

‘ഇറാനെയും ഫലസ്തീനെയും മാറ്റി നിര്‍ത്തി പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ ഫലപ്രദമാകില്ല’; അറബ് മേഖലയുടെ അസ്ഥിരതക്ക് കാരണം ആത്മാര്‍ത്ഥതയില്ലാത്ത സമാധാന ശ്രമങ്ങളെന്ന് ഖത്തര്‍

‘ഇറാനെയും ഫലസ്തീനെയും മാറ്റി നിര്‍ത്തി പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ ഫലപ്രദമാകില്ല’; അറബ് മേഖലയുടെ അസ്ഥിരതക്ക് കാരണം ആത്മാര്‍ത്ഥതയില്ലാത്ത സമാധാന ശ്രമങ്ങളെന്ന് ഖത്തര്‍

ഇറാനെയും ഫലസ്തീനെയും മാറ്റിനിര്‍ത്തി പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ ഫലപ്രദമാവില്ലെന്ന് ഖത്തര്‍. ആത്മാര്‍ത്ഥത ഇല്ലാത്ത സമാധാന ശ്രമങ്ങളാണ് അറബ് മേഖലയുടെ അസ്ഥിരതയ്ക്ക് കാരണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് പത്രമായ ‘ദി ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ ഏകപക്ഷീയമാകുന്നത് അറബ് മേഖലയ്ക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനെയും ഫലസ്തീനെയും മാറ്റി നിര്‍ത്തിക്കൊണ്ടുള്ള സമാധാന ചര്‍ച്ചകള്‍ മേഖലയില്‍ അസ്ഥിരത കൂട്ടുകയേ ഉള്ളൂ. എല്ലാവരെയും കൂട്ടിയിണക്കിയുള്ള നയതന്ത്ര നീക്കങ്ങളാണ് വേണ്ടത്. ആത്മാര്‍ത്ഥതയും ലക്ഷ്യബോധവുമില്ലാത്ത മധ്യസ്ഥ ചര്‍ച്ചകളാണ് അറബ് മേഖല അസ്ഥിരമായി തന്നെ തുടരാനുള്ള കാരണം. ഇതില്‍ മാറ്റം വരണമെന്നും വിശാലമനസ്സോടെ എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള ഇടപെടലുകള്‍ വേണമെന്നും ഇറാന്‍ വിഷയത്തില്‍ പല യൂറോപ്യന്‍ രാജ്യങ്ങളെ പോലെ തന്നെ ഖത്തറിനും തുറന്ന സമീപനമാണുള്ളതെന്നും മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു.

ഫലസ്തീന്‍ വിഷയത്തിലും ഖത്തറിന്‍റെ നിലപാട് പഴയത് തന്നെയാണ്. കഷ്ടതകളനുഭവിക്കുന്ന ഗസയിലെ ജനങ്ങള്‍ക്കുള്ള പിന്തുണയും സഹായങ്ങളും നല്‍കുന്നത് ഖത്തര്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.