കോണ്‍ഗ്രസിന്റെ പ്രവാസി സംഘടന ഇന്‍കാസ് ഖത്തറില്‍ വിഭാഗീയത രൂക്ഷം; രണ്ടായി പിളര്‍ന്ന സംഘടന വെവ്വേറെ കായിക മേള പ്രഖ്യാപിച്ചു

കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്തറില്‍ വിഭാഗീയത രൂക്ഷമാകുന്നു. രണ്ടായിപ്പിളര്‍ന്ന സംഘടന വെവ്വേറെ കായിക മേള പ്രഖ്യാപിച്ചതോടെയാണ് തമ്മില്‍ത്തല്ല് രൂക്ഷമായിരിക്കുന്നത്.
കെ.പി.സി.സി ഔദ്യോഗികമായി രൂപീകരിച്ചതാണ് സമീര്‍ ഏറാമല പ്രസിഡന്റായ ഇന്‍കാസ് ഖത്തര്‍ കമ്മിറ്റി. എന്നാല്‍ ഈ കമ്മിറ്റിയോടുള്ള വിയോജിപ്പ് പ്രകടമാക്കിക്കൊണ്ടാണ് മുതിര്‍ന്ന നേതാക്കളിലൊരാളായ ഹൈദര്‍ ചുങ്കത്തറയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം സമാന്തര കമ്മിറ്റി രൂപീകരിച്ചത്. ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 12 ന് കായിക മേള സംഘടിപ്പിക്കാന്‍ സമീര്‍ ഏറാമല പ്രസിഡന്റായ കമ്മിറ്റി കഴിഞ്ഞയാഴ്ച്ച വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദര്‍ ചുങ്കത്തറ വിഭാഗം ഇന്ന് വാര്‍ത്താ സമ്മേളനം നടത്തി സമാന്തര കായിക മേള പ്രഖ്യാപിച്ചത്. ഇതോടെ ഫെബ്രുവരി 12 ന് രണ്ടു വിഭാഗവും രണ്ടായി കായിക മേള നടത്തും. കെ.പി.സി.സി തെരഞ്ഞെടുത്ത കമ്മിറ്റിയെ മാനിക്കാതെ മറ്റൊരു കമ്മിറ്റിയുണ്ടാക്കിയവര്ക്കെതിരെ കെ.പി.സി.സി നടപടിയെടുക്കുമെന്ന് സമീര്‍ ഏറാമല പറയുന്നു. ഭൂരിപക്ഷ ജില്ലാ കമ്മിറ്റികളും ഭാരവാഹികളും സമീര്‍ ഏറാമലയോട് വിയോജിക്കുന്നതിനാലാണ് പുതിയ കമ്മിറ്റിയുണ്ടാക്കേണ്ടി വന്നതെന്നും കെ.പി.സി.സി നടപടി തങ്ങള്‍ക്കെതിരെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഹൈദര്‍ ചുങ്കത്തറയും പറയുന്നു.
എന്തായാലും ഖത്തര്‍ കായിക ദിനമായ ഫെബ്രുവരി 12ന് ഇന്കാസുകാരുടെ കായിക ശക്തി തെളിയിക്കാനുള്ള ദിനമായി മാറുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.