LiveTV

Live

Qatar

ഖത്തറില്‍ പുതിയ ടെലികോം നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

ഖത്തറില്‍ പുതിയ ടെലികോം നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

ഖത്തറില്‍ പുതിയ ടെലികോം നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്കും സേവനദാതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ താരിഫ് നിശ്ചയിച്ചതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു.

ടെലികോം അതോറിറ്റി പ്രസിദ്ധീകരിക്കുന്ന റീട്ടെയില്‍ താരിഫ് ഇന്‍സ്ട്രക്ഷന്‍ അഥവാ ആര്‍.ടി.ഐ അനുസരിച്ചാണ് ഖത്തറില്‍ ടെലികോം കമ്പനികള്‍ അവരുടെ നിരക്കുകള്‍ നിശ്ചയിക്കേണ്ടത്. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പുതിയ ആര്‍.ടി.ഐ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് നേരത്തെ മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നു. ഇതനുസരിച്ച് നാളെ മുതല്‍ മുഴുവന്‍ ടെലികോം കമ്പനികളും അവരുടെ നിരക്കുകള്‍ നാളെ മുതല്‍ പുതുക്കി നിശ്ചയിക്കണം.

നാളെ തുടങ്ങി 4 മാസത്തിനുള്ളിൽ നിയമാനുസൃതമല്ലാത്ത എല്ലാ നിരക്കുകളും സേവന ദാതാക്കൾ ഒഴിവാക്കണം. ഉപഭോക്താവിന് അവർക്കു യോജിച്ച തരത്തിലുള്ള നിരക്കുകളിലേക്ക് മാറാനും നാലു മാസത്തെ സമയം അനുവദിക്കും. സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ ആർടിഐയെന്ന് ടെലകോം അതോറിറ്റി പ്രസിഡൻറ് മുഹമ്മദ് അലി അല്‍ മന്നായി പറഞ്ഞു. ഇതു ടെലികോം മേഖലയിലെ മല്‍സരക്ഷമത ഉയര്‍ത്തും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാകും.

വിവിധ ഉപഭോക്തൃ വിഭാഗങ്ങൾക്കു യോജിച്ച രീതിയിൽ നിരക്കുകൾ നിശ്ചയിക്കാൻ പുതിയ ആർടിഐ പ്രകാരം സേവനദാതാക്കൾക്കു കഴിയും. പുതിയ നിരക്കുകളും പദ്ധതികളും സേവന ദാതാക്കൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. വിപണിയിൽ ടെലികോം നിരക്കുകൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണു പുതിയ ആർ.ടി.ഐ. നിയമാനുസൃതമല്ലാത്ത നിരക്കുകൾ ഉപഭോക്താവിനു മേൽ അടിച്ചേൽപ്പിക്കുന്നത് തടയുകയും ലക്ഷ്യമാണ്.