വിദേശങ്ങളില്‍ വിസാ സേവന കേന്ദ്രം; ശ്രീലങ്കയില്‍ ഓഫീസ് തുറന്ന് ഖത്തര്‍
ശ്രീലങ്കയ്ക്ക് പുറമെ ഇന്ത്യ, പാക്കിസ്ഥാന്, നേപ്പാള്‍, തുണീഷ്യ, ഫിലിപ്പൈന്‍സ്, ഇന്തോന്യേഷ്യ, ബംഗ്ലാദേശ് തുടങ്ങി രാജ്യങ്ങളിലും വരും മാസങ്ങളില്‍ തന്നെ ഖത്തറിന്റെ വിസ സേവനകേന്ദ്രങ്ങള്‍ നിലവില്‍ വരും

ഖത്തര്‍ വിവിധ രാജ്യങ്ങളില്‍ തുടങ്ങുന്ന വിസ സേവനകേന്ദ്രത്തിന്റെ ആദ്യ ഓഫീസ് നാളെ ശ്രീലങ്കയില്‍ പ്രവര്‍ത്തനം തുടങ്ങും. ഒരു വിദേശ രാജ്യത്ത് ഖത്തര്‍ നേരിട്ട് നടത്തുന്ന ആദ്യ വിസ സേവനകേന്ദ്രമാണ് കൊളംബോയില്‍ ഉദ്ഘാടനം ചെയ്യാനാരിക്കുന്നത്.
ഖത്തറില്‍ ജോലി നോക്കുന്ന ശ്രീലങ്കയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ വെച്ച് തന്നെ വിസ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുകയാണ് വിസ സേവനകേന്ദ്രങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ് വിസ സേവന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഖത്തറിന്റെയും ശ്രീലങ്കയുടെയും ഉന്നത വ്യക്തിത്വങ്ങളുടെ സാനിധ്യത്തിലായിരിക്കും കേന്ദ്രത്തിന്രെ ഉദ്ഘാടനം.
ശ്രീലങ്കയ്ക്ക് പുറമെ ഇന്ത്യയടക്കം എട്ട് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിസാ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ഖത്തറില്‍ തൊഴില്‍ വിസ ലഭിച്ചവര്‍ക്കുള്ള ഫിംഗര്‍ പ്രിന്റ്, വിസകരാറില് ഒപ്പുവെയ്ക്കല്, മെഡിക്കല്‍ പരിശോധനകള്‍, ബയോമെട്രിക് വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയവയെല്ലാം ഈ കേന്ദ്രങ്ങളില്‍ വെച്ച് പൂര്‍ത്തീകരിക്കാന്‍ കഴിയും. ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രത്തിന്രെ പ്രവര്‍ത്തനം.
ശ്രീലങ്കയ്ക്ക് പുറമെ ഇന്ത്യ, പാക്കിസ്ഥാന്, നേപ്പാള്‍, തുണീഷ്യ, ഫിലിപ്പൈന്‍സ്, ഇന്തോന്യേഷ്യ, ബംഗ്ലാദേശ് തുടങ്ങി രാജ്യങ്ങളിലും വരും മാസങ്ങളില്‍ തന്നെ വിസ സേവനകേന്ദ്രങ്ങള്‍ നിലവില്‍ വരും.
ഇന്ത്യയില്‍ മൊത്തം ഏഴ് കേന്ദ്രങ്ങളാണുണ്ടാവുക. ഇതില്‍ ഒരു കേന്ദ്രം കൊച്ചിയിലായിരിക്കും സ്ഥാപിക്കുക.