LiveTV

Live

Qatar

യു.എന്നില്‍ നിലപട് വ്യക്തമാക്കി ഖത്തര്‍

ഉപരോധം കഴിഞ്ഞുപോയ അധ്യായമാണെന്ന് ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചപ്പോള്‍ പൊതു സഭ അതിനെ കരഘോഷത്തോടെയാണ് വരവേറ്റത്

യു.എന്നില്‍ നിലപട് വ്യക്തമാക്കി ഖത്തര്‍

ഐക്യരാഷ്ട്രസഭയുടെ എഴുപത്തിമൂന്നാമത് സമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുത്തത് വലിയ ശുഭാപ്തി വിശ്വാസത്തോടെയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. ഉപരോധത്തെ കുറിച്ച് വലിയ ആത്മവിശ്വാസത്തോട് കൂടിയാണ് അമീര്‍ സംസാരിച്ചത്. സമ്മേളനത്തില്‍ അറബ് മേഖലയുടെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ച് കൃത്യമായി സംസാരിച്ച ഒരേയൊരു നേതാവ് ഖത്തര്‍ അമീറാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.

ഇന്നലെ നടന്ന ഐക്യരാഷ്ട്രസഭാ പൊതു സഭയുടെ എഴുപത്തിമൂന്നാമത് സമ്മേളനത്തിലാണ് ഖത്തറിനെ പ്രതിനിധീകരിച്ച് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സംസാരിച്ചത്. കെട്ടിച്ചമച്ച വലിയ കള്ളങ്ങളുടെ പിന്‍ബലത്തിലാണ് ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതെന്ന് പറഞ്ഞ അമീര്‍, ജിസിസി രാജ്യങ്ങളുടെ കെട്ടുറപ്പും സല്‍പ്പേരും ഇല്ലാതാക്കാന്‍ മാത്രമെ ഉപരോധം ഉപകരിച്ചുള്ളൂ എന്നും വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഐക്യം പൂര്‍ണമയും ഇല്ലാതായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന്‍റെ പരിണിത ഫലങ്ങള്‍ പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ പ്രത്യേകിച്ച് സിറിയ പലസ്തീന്‍ വിഷയങ്ങളില്‍ പ്രകടമായിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധിയെ കേവലം നയതന്ത്ര പ്രശ്നമായി മാത്രം കണ്ടതാണ് അന്താരാഷ്ട്ര സമൂഹത്തിന് പറ്റിയ തെറ്റ്. ആഗോള വിഷയങ്ങളില്‍ സമാധാനം കൊണ്ടുവരാനാണ് യു.എന്‍ താല്‍പ്പര്യപ്പെടുന്നതെങ്കില്‍ ചില വിഷയങ്ങളില്‍ സ്വീകരിക്കുന്ന ഇരട്ടനയങ്ങള്‍ യു.എന്‍ ഉപേക്ഷിക്കണമെന്നും അമീര്‍ യു.എന്നില്‍ പറഞ്ഞു.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ മധ്യസ്ഥ ശ്രമങ്ങളെയും ഖത്തര്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതൊന്നും ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാവരുതെന്നും അദ്ദേഹം പൊതു സഭയെ അറിയിച്ചു.

യു.എന്‍ സമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുത്തത് അങ്ങേയറ്റം ശുഭാപ്തി വിശ്വാസത്തോടെയായിരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് ലുല്‍വാ ഖാതിര്‍ ദോഹയില്‍ പറഞ്‍ു.

ഉപരോധം കഴിഞ്ഞുപോയ അധ്യായമാണെന്ന് അമീര്‍ പ്രഖ്യാപിച്ചപ്പോള്‍ പൊതു സഭ അതിന് കരഘോഷത്തോടെ വരവേറ്റ കാര്യം ലുല്‍വ ഖാതിര്‍ ഓര്‍മ്മിപ്പിച്ചു. ഗള്‍ഫ് പ്രതിസന്ധിയെ കൂടാതെ അറബ് മേഖലയുടെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചും കൃത്യമായി സംസാരിച്ച ഒരേയൊരു ഗള്‍ഫ് നേതാവ് അമീറാണെന്നും ലുല്‍വ ഖാതിര്‍ വ്ക്തമാക്കി.