LiveTV

Live

Politics

ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ വിഭാഗീയത രൂക്ഷം; സംസ്ഥാന അധ്യക്ഷന് ദേശീയ പ്രസിഡന്‍റിന്‍റെ നോട്ടീസ്

സംസ്ഥാന അധ്യക്ഷന്‍ പ്രഫ. എപി അബ്ദുല്‍ വഹാബിനെ ലക്ഷ്യമിട്ടാണ് കാസിം ഇരിക്കൂറും, അഹമ്മദ് ദേവര്‍കോവിലും അടങ്ങുന്ന വിഭാഗത്തിന്‍റെ നീക്കങ്ങള്‍.

ഇന്ത്യന്‍ നാഷണല്‍  ലീഗില്‍ വിഭാഗീയത രൂക്ഷം;
സംസ്ഥാന അധ്യക്ഷന്  ദേശീയ പ്രസിഡന്‍റിന്‍റെ നോട്ടീസ്

ഇടത് മുന്നണിയിലേക്ക് പ്രവേശനം ലഭിച്ചത് മുതല്‍ തുടങ്ങിയ ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയത ഇപ്പോഴും രൂക്ഷമായി തുടരുന്നു. സംസ്ഥാന അധ്യക്ഷന്‍ പ്രഫ. എപി അബ്ദുല്‍ വഹാബിനെ ലക്ഷ്യമിട്ടാണ് കാസിം ഇരിക്കൂറും, അഹമ്മദ് ദേവര്‍കോവിലും അടങ്ങുന്ന വിഭാഗത്തിന്‍റെ നീക്കങ്ങള്‍. അതിനിടയില്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സില്‍ നിന്നെത്തിയവര്‍ക്കും മതിയായ ഭാരവാഹിത്വം ലഭിച്ചില്ലെന്നുള്ള പരിഭവങ്ങളും നിലനില്‍ക്കുന്നു.

വിഭാഗീയതയും ചേരിപോരും രൂക്ഷമായിട്ട് കാലം ഏറെയായെങ്കിലും അവസാനം സംസ്ഥാന അധ്യക്ഷനോട് പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെടുന്നയിടം വരെ കാര്യങ്ങള്‍ എത്തി. ദേശീയ നേതൃത്വം സംഘടിപ്പിച്ച വെബിനാറില്‍ സംസ്ഥാന അധ്യക്ഷന്‍ പങ്കെടുക്കാതിരുന്നതാണ് നോട്ടീസിന് കാരണം. ആഗസ്റ്റ് 15ന് സേവ് ഇന്ത്യ കാംപയിന്‍റെ ഭാഗമായിട്ട് നടത്തിയതായിരുന്നു വെബിനാര്‍. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. എപി അബ്ദുല്‍ വഹാബ് വെബിനാറില്‍ പങ്കെടുക്കാനാവാത്തതിന് വിശദമായി മറുപടി നല്‍കി. എന്നാല്‍ കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചതിന് പിന്നില്‍ ദേശീയ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാനെ മറുപക്ഷം സ്വാധീനിച്ച് നടത്തുന്ന നീക്കങ്ങളാണെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ അടക്കം പറച്ചിലുകള്‍.

കാസിം ഇരിക്കൂര്‍
കാസിം ഇരിക്കൂര്‍

പാര്‍ട്ടിയില്‍ വെട്ടിനിരത്തിലിന് ആദ്യം ഇരയായത് മുന്‍ സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മായില്‍ ആയിരുന്നു. മലപ്പുറത്ത് എല്‍.ഡി.എഫ് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ ഭാരവാഹികള്‍ ഉണ്ടായിരിക്കെ പങ്കെടുത്തുവെന്നതായിരുന്നു ആദ്യ കുറ്റം. അതും പരാതിയായി ദേശീയ അധ്യക്ഷന് മുന്നിലെത്തി. പ്രത്യേക അധികാരം ഉപയോഗപ്പെടുത്തി കെ.പി ഇസ്മായിലിനെ പുറത്താക്കിയതും ദേശീയ അധ്യക്ഷന്‍ തന്നെയായിരുന്നു. വിഭാഗീയത മൂര്‍ച്ഛിച്ചതോടെ ചില ജില്ലകളില്‍ രണ്ട് ജില്ലാ കമ്മറ്റി വരെയായി മാറി. ആലപ്പുഴയില്‍ സമാന്തര കമ്മറ്റിയുണ്ടാക്കിയതിന് സംസ്ഥാന വൈസ് പ്രസിഡന്‍റ് എച്ച് മുഹമ്മദലി, പ്രവര്‍ത്തക സമിതി അംഗം പിടി സുധീര്‍കോയ, കൌണ്‍സില്‍ അംഗം ഇ ഹബീബ് എന്നിവര്‍ക്ക് സംസ്ഥാന കമ്മറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സമാനമായ മറ്റ് രണ്ട് ജില്ലകളിലും ജില്ലാകമ്മറ്റിയില്‍ ചേരിതിരിവ് നിലനില്‍ക്കുന്നു

പിടിഎ റഹീമിന്‍റെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിച്ചപ്പോള്‍ ഭാരവാഹിത്വം സംബന്ധിച്ച് ഉണ്ടായിരുന്ന ധാരണകളും കാറ്റില്‍ പറത്തപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആറ്, വര്‍ക്കിങ് കമ്മറ്റിയില്‍ 20, കൌണ്‍സിലില്‍ 40 പേര്‍ എന്നിങ്ങനെ പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു മധ്യസ്ഥന്‍റെ സാന്നിധ്യത്തില്‍ ഉണ്ടായിരുന്ന ധാരണ. ഒപ്പം അഞ്ച് ജില്ലാകമ്മറ്റി അധ്യക്ഷ സ്ഥാനവും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് എന്‍.എസ്.സിയില്‍ നിന്നെത്തിയവരുടെ പരാതി. ഇവരുടെ പരാതി ശരിയാണെന്ന് ഐഎന്‍എല്‍ നേതൃത്വവും സമ്മതിക്കുന്നു. പക്ഷേ പരിഹാര നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല.

മുഹമ്മദ് സുലൈമാന്‍ (ദേശീയ പ്രസിഡന്‍റ്)
മുഹമ്മദ് സുലൈമാന്‍ (ദേശീയ പ്രസിഡന്‍റ്)

എന്‍.എസ്.സിയില്‍ നിന്നെത്തി സംസ്ഥാന സെക്രട്ടറിയായ ജലീല്‍ പുനലൂരിനെതിരെയും പ്രത്യേക അധികാരം ഉപയോഗിച്ച് ദേശീയ പ്രസിഡന്‍റ് നടപടിയെടുത്തിരുന്നു. ലയന വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിലായിരുന്നു നടപടിയെന്നാണ് ജലീലിനെ പിന്തുണയ്ക്കുന്നവരുടെ ആക്ഷേപം. അതിനിടെ എന്‍.എസ്.സിയില്‍ നിന്നെത്തിയവര്‍ സെക്യുലര്‍ കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി. ഇതിന്‍റെ ബാനറില്‍ പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെബിനാര്‍ സംഘടിപ്പിക്കുകയും ചെയ്തു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയെ ചൊല്ലിയുണ്ടായ പുതിയ വിവാദത്തിന് പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗമാണെന്ന സൂചനകള്‍ മറുവിഭാഗം പങ്ക് വെയ്ക്കുന്നുണ്ട്. അതും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ പ്രതികൂട്ടിലാക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് ആക്ഷേപം.

സംസ്ഥാന അധ്യക്ഷനടക്കമുള്ളവരെ നോക്കുകുത്തിയാക്കി ദേശീയ നേതൃത്വം പ്രത്യേക അധികാരം കാട്ടി അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നുവെന്ന ആക്ഷപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇടതു മുന്നണിയില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് പാര്‍ട്ടിയ്ക്കായി പണിയെടുത്തവരും വെട്ടി നിരത്തലിന് ഇരയാകുന്നവരില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടിയിലെ ജനാധിപത്യം സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിട്ടാണ് വിഭാഗീയമായ നീക്കങ്ങളെന്നതാണ് യാഥാര്‍ത്ഥ്യം.