LiveTV

Live

Politics

എം.പിമാരില്‍ പകുതിയോളം പേരും ക്രിമിനല്‍ കേസ് പ്രതികള്‍

ഇടുക്കിയില്‍ നിന്നും വിജയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന്‍റെ പേരില്‍ 204 ക്രിമിനല്‍ കേസുകളുണ്ട്.

എം.പിമാരില്‍ പകുതിയോളം പേരും ക്രിമിനല്‍ കേസ് പ്രതികള്‍

പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വിജയിച്ചവരില്‍ പകുതിയോളം പേരും ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍‌ക്കപ്പെട്ടവര്‍. 539 വിജയികളില്‍ 233 പേരും തങ്ങളുടെ മേല്‍ ക്രിമിനല്‍ കേസുണ്ടെന്ന് വെളിപ്പെടുത്തിയവരാണ്. 2009 ലെ 30 ശതമാനത്തില്‍ നിന്നും 14 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇടുക്കിയില്‍ നിന്നും വിജയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന്‍റെ പേരില്‍ 204 ക്രിമിനല്‍ കേസുകളുണ്ട്. കൊലപാതകം, ഭവനഭേദനം, മോഷണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഡീന്‍ കുര്യാക്കോസിന്‍റെ മേലുള്ളത്.

2014 ല്‍ ലോക്സഭയിലേക്ക് വിജയിച്ചവരില്‍ 185 പേരാണ് ക്രിമിനല്‍ കേസുകള്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. ഇത് 34 ശതമാനമായിരുന്നു. 2009 ല്‍ 162 പേരായിരുന്നത് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 44 ശതമാനം പേരാണ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്.

159 പേരുടെ മേല്‍ പീഡനം, കൊലപാതകം, വധശ്രമം, തട്ടിക്കോണ്ട് പോകല്‍, സ്ത്രീകള്‍ക്കെതിരായ അക്രമണം തുടങ്ങി ഗുരുതരമായ കേസുകളാണ് നേരിടുന്നത്. 2014 ല്‍ 112 പേരും 2009 ല്‍ 76 പേരുമായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട എം.പി.മാരില്‍ 11 പേര്‍ കൊലപാതക കേസില്‍ പ്രതികളാണ്. 30 പേര്‍ വധശ്രമത്തിന് പ്രതി ചേര്‍ക്കപ്പെട്ടു. 19 പേര്‍ക്ക് സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്‍റെ പേരിലാണ് കേസുള്ളത്. ഇതില്‍ മൂന്ന് പേര്‍‌ക്കെതിരെ പീഡനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 6 പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോയതിനാണ് കേസ്. 29 പേര്‍ വിദ്വേഷ പ്രസംഗത്തിന് കേസ് നേരിടുന്നുണ്ട്.

ബി.ജെ.പി.യില്‍ 116 പേരും കോണ്‍ഗ്രസില്‍ 29 പേരുമാണ് ക്രിമിനല്‍ കേസ് നേരിടുന്നത്. ജെ.ഡി.യു.വിന്‍റെ 13 പേര്‍, ഡി.എം.കെ.യുടെ 10 പേര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 9 പേര്‍ എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ ക്രിമിനല്‍ കേസുകളുളള എം.പി മാരുടെ കണക്ക്.