LiveTV

Live

Politics

ശാന്തിവനത്തിനുള്ളിലെ രാഷ്ട്രീയം 

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള മീന മേനോന്റെ സ്വകാര്യ വനം ഏറെ ചർച്ചയായി മാറി കഴിഞ്ഞു

ശാന്തിവനത്തിനുള്ളിലെ രാഷ്ട്രീയം 

ഈ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കളോ പൊതു പ്രവർത്തകരോ ഒന്നും തന്നെ കാര്യമായി ചർച്ച ചെയ്തില്ലെങ്കിലും എല്ലാവരെയും സാരമായി ബാധിച്ച ഒന്നുണ്ട്. നമ്മുടെ കാലാവസ്ഥാ വ്യതിയാനം. തെരഞ്ഞെടുപ്പ് കാലത്ത് തീപാറുന്ന ചൂടായിരുന്നു കേരളത്തിൽ. എന്നാൽ ഈ ചൂടിൽ നിന്നും തണൽ നൽകിയിരുന്ന ഒരു കാട് ഇന്ന് ആളിക്കത്തികൊണ്ടിരിക്കുകയാണ്. കത്തിച്ചത് വേറാരുമല്ല, നമ്മുടെ കെ.എസ്.ഇ.ബി തന്നെ.

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള മീന മേനോന്റെ സ്വകാര്യ വനം ഏറെ ചർച്ചയായി മാറി കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിറഞ്ഞുനിന്ന ശാന്തിവന സംരക്ഷണ പ്രതിഷേധം ഇന്ന് മുഖ്യധാര മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.

ശാന്തിവനത്തിനുള്ളിലെ രാഷ്ട്രീയം 

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത നമ്മെ പറഞ്ഞുപഠിപ്പിച്ച ഉദ്യോഗസ്ഥരൊന്നും ഇത് കാണുന്നില്ലെന്ന് തോന്നുന്നു. 40 വര്‍ഷങ്ങളായി ശാന്തി നിറഞ്ഞ ശാന്തിവനത്തിൽ കെ.എസ്.ഇ.ബി ഇന്ന് അശാന്തി നിറച്ചിരിക്കുകയാണ്.

ശാന്തിവനത്തിനുള്ളിലെ രാഷ്ട്രീയം 

2013 ൽ 110 kv വൈദ്യുത ടവർ നേർരേഖയിൽ പോകാതെ 'വി' ഷെയ്പ്പിൽ ശാന്തിവനത്തിന്റെ ഒത്തനടുക്ക് എത്തിയത് തന്നെ സംശയാസ്പദമാണ്. അത് എങ്ങനെ എത്തിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാൻ കെ.എസ്.ഇ.ബി ക്കും കഴിഞ്ഞിട്ടില്ല. യഥാർത്ഥത്തിൽ ശാന്തിവനം പോലൊരു സംരക്ഷണ ഇടത്തിന് വേണ്ടി ആയിരുന്നെങ്കിൽ അത് നമുക്ക് അംഗീകരിക്കാമായിരുന്നു. ഇവിടെയാണ് പ്രയോറിറ്റികൾ പാളി പോകുന്നത്.

ശാന്തിവനത്തിനുള്ളിലെ രാഷ്ട്രീയം 

ഭരിക്കുന്നവർ ജനങ്ങളിൽ നിന്ന് ആയിട്ട് എന്തുകാര്യം? കെ.എസ്.ഇ.ബി ക്ക് നിയമത്തിന്റെ പിൻബലം ഉണ്ടാകുമ്പോൾ, കേരളത്തെ മുക്കിക്കളഞ്ഞ മഹാ പ്രളയത്തെയും കേരളത്തെ വരണ്ടുണക്കുന്ന കൊടും വേനലിനെയും തടുക്കാൻ ഇവർക്കൊക്കെ കഴിഞ്ഞോ? ഒരൊറ്റ സെന്റ് മതിയെന്ന് പറഞ്ഞു ചെന്ന കെ.എസ്.ഇ.ബി തുടക്കത്തിലേ 5 സെന്റോളം വെളുപ്പിച്ചു. ഇപ്പോളത് 15 സെന്ററായി കൂടിയിട്ടുണ്ട്. പൈലിംഗിനായി കൊണ്ടുവന്ന ഫ്ലെറി കാവിൽ ഒഴിച്ച് അവിടം ഇനി പുല്ലുപോലും മുളക്കാത്ത അവസ്ഥയിലാക്കിയിട്ടും ഉണ്ട്. നൽകാത്ത അനുവാദം ഉണ്ടെന്നാണ് കെ.എസ്.ഇ.ബി യുടെ വാദം.

ശാന്തിവനത്തിനുള്ളിലെ രാഷ്ട്രീയം 

വികസനമെന്നത് ഒരു ജൈവ പൈതൃകത്തെ ഇല്ലാതാക്കികൊണ്ട് മാത്രമാണോ നടത്താൻ പറ്റുക? ശാന്തിവനത്തിന് അരികിലൂടെ പോയാലും വികസനം നടക്കുമല്ലോ? പിന്നെ എന്തുകൊണ്ടാണ് ഇതിന് നടുവിലൂടെ തന്നെ പോകണം എന്ന് കെ.എസ്.ഇ.ബി വാശി പിടിക്കുന്നത് എന്തിനാണ്?

കുറച്ച് ദിവസ്സങ്ങളായി അവിടെ ഒരു സമരം വളർന്നുവരുന്നുണ്ട്. പ്രകടവും പ്രതിഷേധവുമായി ഒരു കൂട്ടം ആളുകൾ. മറ്റ് സമരങ്ങളെ പോലെ ഇതും തോറ്റ് പോയേക്കാം. എങ്കിൽ നമുക്ക് നഷ്ടമാകാൻ പോകുന്നത് വലിയൊരു ജൈവസമ്പത്ത് ആയിരിക്കും. വരും തലമുറക്കായി യാതൊരു ലാഭേച്ഛയും ഇല്ലാതെ മീനയും കുടുംബവും കരുതിവെച്ച ഒരു മുതൽകൂട്ട്.

ശാന്തിവനത്തിനുള്ളിലെ രാഷ്ട്രീയം 

വികസനം മനുഷ്യന് വേണ്ടി ഉള്ളതാണ്. എന്നാൽ ഈ വികസന നയം കൊണ്ട് മനുഷ്യൻ തന്നെ ഇല്ലാതായിട്ട് പിന്നെ എന്ത് വികസനമാണ് എന്ന് മീന ചോദിക്കുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടപ്പാക്കിയതാണ് ഹരിതകേരള മിഷൻ. കേരളത്തോടൊപ്പം മീനയും ഹരിതമിഷനിൽ പ്രതീക്ഷയർപ്പിച്ചിരുന്നു.

നിർഭാഗ്യവശാൽ മീന നൽകിയ പരാതിയിൽ മിഷനോ ചുമതലയുള്ള ടി.എൻ സീമയോ ഒരു നടപടിയും എടുത്തില്ല. ഇതുപോലൊരു ജൈവ സമ്പത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ഹരിത കേരള മിഷനൊക്കെ ? പിരിച്ചു വിടുകയല്ലേ വേണ്ടത്?

രാഷ്ട്രീകാരെയും പാർട്ടികളെയും ഒന്നടങ്കം കുറ്റം പറയുന്നില്ല. ഇനിയും അവസാനിക്കാത്ത പ്രതീക്ഷയുണ്ട് ചിലരിലൊക്കെ. എറണാകുളം നിയമ സഭ മണ്ഡലത്തിൽ വരുന്ന ഇടമാണിത്. ഇത്തവണ ഇവിടെ നടന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി പി.രാജീവനും ഹൈബി ഈഡനും പരസ്യമായി പറഞ്ഞ കാര്യമുണ്ട്. പരിസ്ഥിതിക്കും പ്രകൃതിക്കും അനുയോജ്യമായ രാഷ്ട്രീയത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചതാണ്. പറവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇടം കൂടിയാണ്.

ഇ.ഡി സതീശനാണ് ഇവിടുത്തെ ജനപ്രതിനിധി. അദ്ദേഹം ഹരിത എം.എൽ.എ മാരുടെ നേതൃത്വം വഹിച്ച ആളാണ്. ഇവരൊക്കെയാണ് ശാന്തിവനത്തിലോട്ട് എത്തേണ്ടത്. ഈ വിഷയത്തിൽ ഇടപെടെണ്ടതുണ്ട്. ഈ പ്രശ്നത്തിൽ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ ഇവരുടെ പ്രചരണമൊക്കെ വെറും പ്രഹസനമായി കാണേണ്ടി വരും നമുക്ക്.

അവസാനിക്കുന്ന പ്രതീക്ഷക്ക് അനുകൂലമായെന്നോണം ഇന്ന് ശാന്തിവന സംരക്ഷണ സമരം ഒൻപതാം ദിവസം പി.രാജീവ്, ഹൈബി ഈഡന്‍, വി.ഡി സതീശൻ എന്നിവർ ശാന്തിവനത്തിൽ എത്തുകയുണ്ടായി. അവരുടെ നിലപാടുകളെ അനുസരിച്ചിരിക്കും ഇനിയുള്ള ശാന്തിവനത്തിന്റെ നിലനിൽപ്പ്. അവരുടെ പ്രസ്താവനകൾ പോലെ തന്നെ ശാന്തിവനത്തിനായി കൂടെ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സമരം ഒമ്പതാം ദിവസം പി.രാജീവ് ശാന്തിവനം സന്ദർശിക്കാനെത്തിയപ്പോൾ.
സമരം ഒമ്പതാം ദിവസം പി.രാജീവ് ശാന്തിവനം സന്ദർശിക്കാനെത്തിയപ്പോൾ.
സമരം ഒമ്പതാം ദിവസം ഹൈബി ഈഡൻ ശാന്തിവനം സന്ദർശിക്കാനെത്തിയപ്പോൾ.
സമരം ഒമ്പതാം ദിവസം ഹൈബി ഈഡൻ ശാന്തിവനം സന്ദർശിക്കാനെത്തിയപ്പോൾ.
സമരത്തിന്റെ ഒമ്പതാം ദിവസം വി.ഡി സതീശൻ ശാന്തിവനം സന്ദർശിക്കാനെത്തിയപ്പോൾ..
സമരത്തിന്റെ ഒമ്പതാം ദിവസം വി.ഡി സതീശൻ ശാന്തിവനം സന്ദർശിക്കാനെത്തിയപ്പോൾ..

പ്രചാരണ പ്രസ്താവനകൾ പ്രഹസനങ്ങൾ മാത്രമായാൽ വരും തലമുറക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്നായി ഇത് മാറും. സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങാതെ വാർത്ത പ്രാധാന്യം നേടിയതോടെ കെ.എസ്.ഇ.ബി തങ്ങളുടെ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാലും വളഞ്ഞു പോകുന്നത് എന്തിന്? ഈ ചോദ്യത്തിന് മാത്രം അവരുടെ കയ്യിൽ ഉത്തരമില്ല. ഇവിടെ അവസാനിക്കുന്ന യാഥാർഥ്യം കെ.എസ്.ഇ.ബിക്ക് വേണ്ടപ്പെട്ട മറ്റൊരു (കെ.എസ്.ഇ.ബി മുൻ ചെയർമാന്റെ മകന്റെ) ഭൂമി സംരക്ഷിക്കാനാണെന്നത് മാത്രം.