Top

'കർഷക സമരത്തിൽ ഈ ആവേശമില്ല, കേരളത്തോടുള്ള മഹാമനസ്കത കൊള്ളാം': രാഹുലിനെ പരിഹസിച്ച് മുഖ്യമന്ത്രി

'സ്വന്തം മണ്ഡലമായ വയനാട്ടില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ എങ്കിലും രാഹുല്‍ തയ്യാറാകണം'

MediaOne Logo

  • Updated:

    2021-02-25 13:48:37.0

Published:

25 Feb 2021 1:48 PM GMT

കർഷക സമരത്തിൽ ഈ ആവേശമില്ല, കേരളത്തോടുള്ള മഹാമനസ്കത കൊള്ളാം: രാഹുലിനെ പരിഹസിച്ച് മുഖ്യമന്ത്രി
X

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ അസാധാരണമായി കേരളത്തില്‍ ഇടപെടുകയാണ്. കര്‍ഷകര്‍ക്ക് വേണ്ടി അദ്ദേഹം ട്രാക്ടര്‍ ഓടിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കടലില്‍ നീന്തുന്നു. രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തില്‍ എഴുപതോളം പേര്‍ മരിക്കുകയുണ്ടായി. രാജ്യത്തെ ഇത്രയും ഇളക്കിമറിച്ച ഗൌരവകരമായ കര്‍ഷക പ്രക്ഷോഭത്തെ അവഗണിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറാകുന്നതാണ് നാം കാണുന്നത്. ഏതായാലും കേരളത്തോടുള്ള അദ്ദേഹത്തിന്‍റെ വിശാല മനസ്കത പ്രശംസനീയമാണെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പിണറായി പറഞ്ഞു.

1990കളോടെ നടപ്പിലാക്കിയ നവഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്നാണ് ലോകത്തെ തന്നെ ഞെട്ടിച്ച രീതിയില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിപണിയുടെ നീതിരഹിതമായ മത്സരത്തിനു വിട്ടുകൊടുത്തു കൊണ്ടും ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണയും സുരക്ഷയും പിന്‍വലിച്ചുകൊണ്ടും കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണുണ്ടായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇക്കാലയളവില്‍ ഏകദേശം മൂന്ന് ലക്ഷം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിന്നും തുടരുകയാണ്. അതിനു കാരണമായത് കോണ്‍ഗ്രസ് നടപ്പിലാക്കിയ, ഇന്നും അവരുടെ അജണ്ടയായി മുന്നോട്ടുവെയ്ക്കുന്ന നയങ്ങളും ഭരണപരിഷ്കാരങ്ങളുമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

രാഹുലിന്‍റെ മണ്ഡലമായ വയനാട് എന്താണ് സംഭവിച്ചത് എന്നെങ്കിലും തിരക്കണം. വയനാടിന്‍റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷികള്‍ എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്? ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച സുപ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് പറയുന്നത് പ്രകാരം എകദേശം 6000 കോടി രൂപയുടെ നഷ്ടമാണ് 2000ന്‍റെ ആദ്യ നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വയനാട് ജില്ലയിലെ കാപ്പി, കുരുമുളക് കൃഷികളില്‍ മാത്രം സംഭവിച്ചത്. അതുകൊണ്ടു മാത്രം ആയിരക്കണക്കിനു കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. അതു മനസ്സിലാക്കാതെ കൊടിയ ശൈത്യത്തില്‍ മരണത്തോട് മല്ലിട്ട് രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കോണ്‍ഗ്രസ് തുടങ്ങിവെച്ച നിര്‍ദ്ദയം നടപ്പാക്കിയ കര്‍ഷകവിരുദ്ധ നയങ്ങളുടെ ഫലമായാണിതെല്ലാം സംഭവിച്ചത്. കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കര്‍ഷകരുടെ രക്തം കോണ്‍ഗ്രസിന്‍റെ കൈകളില്‍ പറ്റിയിരിക്കുന്നു. അനാഥമാക്കപ്പെട്ട അത്രയും കുടുംബങ്ങളുടെ ദുരിതജീവിതങ്ങള്‍ ഓര്‍ക്കണം. ഈ പാതകങ്ങള്‍ക്ക് കര്‍ഷകരോട് രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി നിരുപാധികം മാപ്പു പറയുകയാണ് വേണ്ടത്. ഈ നയങ്ങള്‍ തിരുത്തുകയാണ് വേണ്ടത്. രാജ്യത്ത് പുതിയ ബദലുകളാണ് വേണ്ടത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തില്‍ നിന്നുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ വെച്ചാണ് സിപിഎമ്മിനെയും സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചത്. സിപിഎമ്മിന്‍റെ കൊടിപിടിക്കുന്നവർക്കേ ജോലി ലഭിക്കൂ എന്നാണ് അവസ്ഥ. അല്ലാത്തവർ നിരാഹാരം കിടന്ന് മരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വർണം കടത്താമെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുകയുണ്ടായി. പിന്നാലെയാണ് സിപിഎം രാഹുലിനെതിരെ തിരിഞ്ഞത്.

TAGS :

Next Story