ഇത്തിഹാദ് എയർവേസിന് തിരിച്ചടിയുടെ വർഷം; യാത്രികരുടെ എണ്ണത്തിൽ 76% ഇടിവ്
ചരക്ക് കടത്തു മേഖലയിൽ 66 ശതമാനം വർധന

കോവിഡ് വിലക്കുകളുടെ ഫലമായി യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസിനും തിരിച്ചടി. കഴിഞ്ഞവർഷം 42 ലക്ഷംപേർ മാത്രമാണ് ഇത്തിഹാദ് വഴി യാത്ര ചെയ്തത്. 2019ൽ 175 ലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം. നിയന്ത്രണം മൂലം യാത്രികരുടെ എണ്ണത്തിൽ 76% ഇടിവാണ് രേഖപ്പെടുത്തിയത്.
കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളും വിലക്കുകളും വ്യോമയാന മേഖലയെ വല്ലാതെ തളർത്തിയിട്ടുണ്ട്. പ്രതിസന്ധി തുടരുന്ന സാഹചര്യമാണുള്ളതും. ഇത്തിഹാദ് എയർവേസും പ്രതികൂല സാഹചര്യങ്ങളാണ് പോയവർഷം നേരിട്ടത്. 2019ൽ 480 ലക്ഷം ഡോളറായിരുന്നു വരുമാനം. കഴിഞ്ഞ വർഷമാകട്ടെ, ഇത് 120 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. ഇത്തിഹാദ് എയർവേയ്സ് പുറത്തിറക്കിയ സാമ്പത്തിക പ്രവർത്തന റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പോയവർഷം ഷെഡ്യൂൾ ചെയ്ത സേവനങ്ങളും ആളുകളുടെ എണ്ണവും വളരെ കുറവായിരുന്നു. എന്നാൽ ചരക്ക് കടത്തു മേഖലയിൽ 66 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2019ൽ ചരക്ക് ഗതാഗത വരുമാനം 70 കോടി ഡോളറായിരുന്നത് 2020ൽ 120 കോടി ഡോളറായി ഉയർന്നു. വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യം ഗണ്യമായി വർധിച്ചതാണ് ചരക്കു ഗതാഗതത്തിന് തുണയായത്.
പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ കമ്പനിക്ക് സാധിച്ചതാതി അധികൃതർ വ്യക്തമാക്കി. 183 പ്രത്യേക വിമാന സർവീസുകളാണ് കോവിഡ് വ്യാപന വേളയിൽ നടത്തിയത്. 129 രാജ്യങ്ങളിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാധന സാമഗ്രികളും എത്തിക്കാനും ഇത്തിഹാദിനായി.
Adjust Story Font
16