Top

''പി ജെ ആർമിയുമായി യാതൊരു ബന്ധവുമില്ല, പ്രചരണം തുടര്‍ന്നാല്‍ നിയമനടപടി'' പ്രതിഷേധങ്ങളെ തള്ളി പി ജയരാജന്‍

സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി പി ജയരാജന്‍ തന്നെ രംഗത്ത്

MediaOne Logo

  • Updated:

    2021-03-06 11:10:41.0

Published:

6 March 2021 11:10 AM GMT

പി ജെ ആർമിയുമായി യാതൊരു ബന്ധവുമില്ല, പ്രചരണം തുടര്‍ന്നാല്‍ നിയമനടപടി പ്രതിഷേധങ്ങളെ തള്ളി പി ജയരാജന്‍
X

സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി പി ജയരാജന്‍ തന്നെ രംഗത്ത്. പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും അതിനെ സ്വാധീനിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജയരാജന്‍റെ പ്രതികരണം.

പിജെ ആർമി എന്ന പേരിൽ നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ജയരാജന്‍ പ്രചരണം തുടരുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽ.ഡി.എഫിന്‍റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണം. ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക പുറത്തുവിട്ടത്. സാധ്യതാ പട്ടികയില്‍ കണ്ണൂര്‍ നിന്ന് പി ജയരാജനെ പരിഗണിച്ചിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ പരിഗണിക്കേണ്ടെന്ന തീരുമാനത്തിന്‍റ അടിസ്ഥാനത്തിലാണ് പി ജയരാജന് സീറ്റ് നിഷേധിച്ചതെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്‍റെ വാദം. ഇതിന് പിന്നാലെ സൈബർ ഇടങ്ങളിൽ ജയരാജനെ അനുകൂലിക്കുന്നവർ സീറ്റ്​ നിഷേധത്തിനെതിരെ വലിയ പ്രതിഷേധമാണ്​ ഉയർത്തിയത്​. പി.ജെ ആർമി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കൂടുതല്‍​ പോസ്റ്റുകളും പുറത്തുവന്നത്. ജയരാജന്​ സീറ്റ്​ നിഷേധിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന തരത്തിലും പി.ജെ ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.

പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽഡിഎഫിൻ്റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

പിജെ ആർമി എന്ന പേരിൽ എൻ്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.

TAGS :

Next Story