ഒമാനിൽ മസ്ജിദുകള്‍ തുറക്കാന്‍ അനുമതി
അഞ്ചു നേരത്തേ നമസ്കാരത്തിന് മാത്രമാണ് അനുമതിയുള്ളത്. ജുമുഅ പ്രാർഥനക്ക് അനുവാദം നൽകിയിട്ടില്ല.

ഒമാനിൽ മസ്ജിദുകൾ തുറക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം. കർശനമായ സുരക്ഷാ മാർഗ മാനദണ്ഡങ്ങളോടെ നവംബർ 15ാം തീയതി മുതൽ തുറക്കാനാണ് അനുമതി. ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
നാനൂറും അതിലധികം പേരെയും ഉൾക്കൊള്ളാൻ ശേഷിയുള്ള മസ്ജിദുകൾ ആണ് ആദ്യ ഘട്ടത്തിൽ തുറക്കുക. അഞ്ചു നേരത്തേ നമസ്കാരത്തിന് മാത്രമാണ് അനുമതിയുള്ളത്. ജുമുഅ പ്രാർഥനക്ക് അനുവാദം നൽകിയിട്ടില്ല. ഓരോ നമസ്കാരത്തിനുമായി പരമാവധി 25 മിനിറ്റ് മാത്രമാണ് തുറക്കാൻ പാടുള്ളൂ. സ്വന്തമോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പള്ളികളിൽ പോകരുത്.
പള്ളിക്കുള്ളിൽ മുഖാവരണം ധരിക്കേണ്ടത് നിർബന്ധമായ കാര്യമാണ്. പ്രവേശിക്കുേമ്പാഴും പുറത്തിറങ്ങുേമ്പാഴും കൈകൾ സാനിറ്റൈസ് ചെയ്യാൻ ശ്രദ്ധിക്കണം. നമസ്കരിക്കാൻ നിൽക്കുേമ്പാൾ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണം.
ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മസ്ജിദുകൾ തുറക്കാൻ ഒരുങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് പകുതിയോടെയാണ് ആരാധനാലയങ്ങൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി നിർദേശിച്ചത്.