LiveTV

Live

Oman

മസ്കത്തില്‍ ലോക്ഡൗണ്‍ നീട്ടി

ഏപ്രിൽ പത്തിനാണ് മസ്കത്ത് ഗവർണറേറ്റിൽ ലോക്ഡൗൺ നിലവിൽ വന്നത്. ഏപ്രിൽ ഒന്ന് മുതൽ മത്ര സമ്പൂർണ ഐസൊലേഷനിലാണ്.

മസ്കത്തില്‍ ലോക്ഡൗണ്‍ നീട്ടി

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ നിലവിലുള്ള ലോക്ഡൗണിന്‍റെ കാലാവധി നീട്ടി. മെയ് എട്ടിനാണ് ലോക്ഡൗൺ അവസാനിക്കേണ്ടിയിരുന്നത്. ഇത് മെയ് 29 വരെ നീട്ടാൻ ചൊവ്വാഴ്ച ചേര്‍ന്ന സുപ്രിംകമ്മിറ്റി യോഗം തീരുമാനിച്ചു.

മത്ര വിലായത്തിലെയും ജഅ്‍ലാൻ ബനീ ബുആലിയിലെ കമേഴ്സ്യൽ മാർക്കറ്റ് മേഖലയിലെയും സാനിറ്ററി ഐസൊലേഷന്‍റെ സമയപരിധിയും മെയ് 29 വരെ നീട്ടിയിട്ടുണ്ട്. ഏപ്രിൽ പത്തിനാണ് മസ്കത്ത് ഗവർണറേറ്റിൽ ലോക്ഡൗൺ നിലവിൽ വന്നത്. ഏപ്രിൽ ഒന്ന് മുതൽ മത്ര സമ്പൂർണ ഐസൊലേഷനിലാണ്. ബുആലിയിലെ കമേഴ്സ്യൽ മാർക്കറ്റ് മേഖലയിലാകട്ടെ ഏപ്രിൽ 16നാണ് ലോക്ഡൗൺ നിലവിൽ വന്നത്. ഏപ്രിൽ 22ന് അവസാനിക്കേണ്ടിയിരുന്ന മസ്കത്തിലെ ലോക്ഡൗൺ പിന്നീട് മെയ് എട്ടുവരെ നീട്ടുകയായിരുന്നു.

ഒമാനിൽ ചൊവ്വാഴ്ച 98 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2735 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 52 പേരും വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 816 ൽ നിന്ന് 858 ആയി ഉയർന്നു. 1865 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം മസ്കത്ത് ഗവർണറേറ്റിൽ ചികിത്സയിലിരുന്ന 12 പേർ മരണപ്പെടുകയും ചെയ്തു. പുതിയ രോഗികളിൽ 73 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1958 ആയി.