LiveTV

Live

Oman

ഒമാൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

ഒമാൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

കോവിഡ് വ്യാപനം തടയുന്നതിന് വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളിൽ ഇളവ് വരുത്താൻ ഒമാൻ തീരുമാനിച്ചു. ചില വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. മണി എക്സ്ചേഞ്ചുകൾക്കും വാഹന വർക്ക്ഷോപ്പുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. മത്സ്യ ബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾക്കും തുറക്കാം. വാഹനങ്ങളുടെ സ്പെയർപാർട്സുകൾ വിൽപന നടത്തുന്ന കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി.

ഓട്ടോ ഇലക്ട്രികൽ കടകൾ, ഓയിൽ മാറ്റുന്ന സ്ഥാപനങ്ങൾ, ടയറുകളുടെ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന സ്ഥാപനങ്ങൾ എന്നിവക്കും തുറന്ന് പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിൽ ഒരേ സമയം പരമാവധി രണ്ട് ഉപഭോക്താക്കൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളും കമ്പ്യൂട്ടറുകളും വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, സ്റ്റേഷനറി സ്ഥാപനങ്ങൾ, സനദ് ഓഫീസുകൾ, പ്രിൻറിങ് സ്ഥാപനങ്ങൾ, വാഹനങ്ങളും ഉപകരണങ്ങളും മെഷീനുകളും വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾ എന്നിവക്കും പ്രവർത്തനാനനുമതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിച്ചുവേണം പ്രവർത്തനം. ഒരു തരത്തിലുള്ള ഒത്തുകൂടലുകളും ഈ സ്ഥാപനങ്ങളിൽ പാടില്ലെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.

ഇന്ന് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത് 82 പേർക്കാണ്. ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം 2131 ആയി. 82 പേർക്കാണ് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. അതിൽ 40 ഒമാനികളും 42 വിദേശികളുമാണുള്ളത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2131 ആയി. മുന്ന് ഒമാനികളും മലയാളി ഉൾപ്പടെ ഏഴ് വിദേശികളുമാണ് ഇതുവരെ മരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 364 ആയി ഉയർന്നു. ബാക്കി 1757 പേരാണ് നിലവിൽ രോഗബാധിതരായി ഉള്ളത്.