LiveTV

Live

Oman

ഒമാനിൽ നിന്നും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍; കോവിഡില്‍ നിന്നും സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ വർധന

ഇന്ന് 57 പേര്‍ സുഖം പ്രാപിച്ചു

ഒമാനിൽ നിന്നും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍; കോവിഡില്‍ നിന്നും സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ വർധന

ഒമാനിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണത്തിൽ വർധന. ഇന്ന് 57 പേർക്ക് സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വ്യാഴാഴ്ച വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാഴാഴ്ച 21 പേരിൽ കൂടി പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 231 ആയി. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. ഒമാനിൽ രോഗ മുക്തി നേടിയവരുടെ നിരക്ക് 26.2 ശതമാനമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അന്വേഷണത്തിൽ കോവിഡിന്‍റെ പ്രഭവ കേന്ദ്രമാണെന്ന് കണ്ടെത്തിയതിനാലാണ് മത്ര വിലായത്ത് അടച്ചിടാൻ തീരുമാനിച്ചത്. സാമൂഹിക വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം കൈകൊണ്ടതെന്നും ആരോഗ്യ മന്ത്രാലയം ആസ്ഥാനത്ത് സുപ്രീം കമ്മിറ്റി അംഗങ്ങൾക്ക് ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഏതെങ്കിലും വിലായത്തിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന പക്ഷം അവയും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

രോഗബാധിതരിൽ 20 ശതമാനം പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. 80 ശതമാനം പേർക്കും ലഘുവായ രോഗാവസ്ഥകൾ മാത്രമാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ പ്രായത്തിലുള്ളവർക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും പുകവലിക്കാരിലെ രോഗ പകർച്ചാ നിരക്ക് കൂടുതലാണെന്നും സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് രോഗം പടരാൻ സാധ്യത കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിൽ വൈറസ് ബാധയേറ്റവരിൽ 53 ശതമാനം പേർ പുരുഷന്മാരും 47 ശതമാനം പേർ സ്ത്രീകളുമാണ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ പാലിച്ചാൽ രോഗപകർച്ചയുടെ നിരക്ക് 60 ശതമാനം കുറക്കാൻ കഴിയുമെന്നും ഡോ.സഈദി പറഞ്ഞു.

രോഗ വ്യാപനത്തിന്‍റെ നിരക്ക് ഉയരുകയാണ്. വ്യാപകമായി പൊട്ടിപ്പുറപ്പെടുന്ന പക്ഷം ഒമാനിലെ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളിലെ കിടക്കകൾ മതിയാകാതെ വരും. അതിനാൽ രോഗം നിയന്ത്രിക്കാനുള്ള നടപടികളിൽ എല്ലാവരും ഒരുമിച്ച് പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ 5380 പേരെ പരിശോധനക്ക് വിധേയമാക്കി. ഒമാനിലേക്ക് വരുന്ന എല്ലാവരും അവർക്ക് രോഗ ലക്ഷണങ്ങളില്ലെങ്കിൽ കൂടി സമ്പർക്ക വിലക്ക് പാലിക്കാൻ നിർബന്ധിതരാണെന്നും മന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിന്‍റെ ഒന്നാം നിരയിലുള്ളത് ആരോഗ്യ പ്രവർത്തകരാണ്. അതിനാൽ അവർക്ക് നന്ദിയർപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.