LiveTV

Live

Oman

ഒമാനിൽ പുതിയ രണ്ട് കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു

ഒമാനിൽ പുതിയ രണ്ട് കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു

ഒമാനിൽ രണ്ട് പുതിയ കോവിഡ് 19 കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാത്രി ആണ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേരും സ്വദേശികളാണ്. 24 രോഗ ബാധിതരിൽ ഒമ്പത് പേരുടെ രോഗം ഭേദമായി. 24 പേരിൽ 22 പേർ ഇറാനിൽ നിന്നും ഇറ്റലിയിൽ നിന്നും വന്നവരാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാൻ കഴിഞ്ഞ ദിവസം ഒമാനികൾക്കും ജി.സി.സി. പൗരന്മാർക്കും ഒഴികെ ഉള്ളവർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഒമാൻ ഭേദഗതി വരുത്തി. ഇപ്പോൾ വിദേശത്തുള്ള റസിഡന്റ് വിസയിലുള്ളവർക്ക് രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ തിരികെയെത്താമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി സർക്കുലറിലൂടെ അറിയിച്ചു. പുതിയ സർക്കുലർ പ്രകാരം പ്രവേശന വിലക്ക് വിസിറ്റിങ് വിസക്കാർക്ക് മാത്രമായിരിക്കും.

ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളിലെ പൗരന്മാർക്കും റസിഡൻറ് വിസയുള്ളവരും ഒഴികെ വിദേശികൾക്കായിരിക്കും വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ബാധകമായിരിക്കുകയെന്ന് അതോറിറ്റി എയർ ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ സാലിം ഹമെദ് സൈദ് അൽ ഹുസ്നി ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു. ഇന്ന് ഉച്ചക്ക് 12 മണി മുതലായിരിക്കും തീരുമാനം പ്രാബല്ല്യത്തിൽ വരുക. ഒമാനിലെത്തുന്ന എല്ലാവരും 14 ദിവസത്തെ നിർബന്ധിത ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകേണ്ടിവരും. വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിന്റെ പരിശോധനയിൽ ഹോസ്പിറ്റൽ ക്വാറൈൻറൻ വേണ്ടവരെ അങ്ങോട് മാറ്റും. അല്ലാത്തവർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടിവരും. ട്രാൻസിറ്റ് യാത്രക്കാർക്ക് ഒമാനിലെ വിമാനത്താവളങ്ങൾ യാത്ര ചെയ്യുന്നതിന് വിലക്കില്ലെന്നും സർക്കുലറിൽ പറയുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പൊതുആരോഗ്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും വിമാനത്താവളങ്ങളിലും വിമാനത്താവള ജീവനക്കാരിലും നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്തിൽ നിന്ന് ആഭ്യന്തര സർവീസിലേക്ക് മാറി കയറുന്ന യാത്രക്കാരും പൊതുആരോഗ്യ സുരക്ഷക്കായി കൈകൊണ്ട നടപടികൾ അനുസരിക്കേണ്ടിവരും. റസിഡന്റ് വിസയിലുള്ളവർക്ക് തിരിച്ചുവരാമെന്ന അറിയിപ്പ് പ്രവാസികളിൽ ആശ്വാസം പരത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികളോട് സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പൊതുപാർക്കുകൾ അടക്കുക, ജുമുഅ നമസ്കാരം ഒഴിവാക്കുക, വിവാഹ പാർട്ടികൾ അടക്കം സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുക, ഖബറടക്ക ചടങ്ങുകൾക്ക് അധികമാളുകൾ പങ്കെടുക്കാതിരിക്കുക തുടങ്ങിയ തീരുമാനങ്ങളും സുപ്രീം കമ്മിറ്റി യോഗം കൈകൊണ്ടിരുന്നു. ഇവയും ഇന്ന് മുതലാണ് പ്രാബല്ല്യത്തിൽ വരുക. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഒറ്റക്കും കൂട്ടായ തലത്തിലും ഉറപ്പാക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഒരു മാസത്തെ അവധി ഞായറാഴ്ച മുതൽ നിലവിൽ വന്നു. രാജ്യത്തെ സിനിമാശാലകൾ ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. ഒമാനിൽ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ അവശേഷിക്കുന്ന സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ സാധാരണ പോലെ നടക്കുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുമാസത്തെ അവധി നൽകിയ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകൾ മാറ്റിവെക്കാതെ നടത്താൻ അനുമതി നൽകിയതായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.