LiveTV

Live

Oman

ഒമാനില്‍ വിസാ വിലക്ക് ഏര്‍പ്പെടുത്തി അധികൃതര്‍; പ്രവാസികള്‍ക്ക് തിരിച്ചടി

രണ്ട് തസ്തികകളില്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് മലയാളികള്‍ക്ക് വലിയ തിരിച്ചടിയാകുന്നു

ഒമാനില്‍  വിസാ വിലക്ക് ഏര്‍പ്പെടുത്തി അധികൃതര്‍; പ്രവാസികള്‍ക്ക് തിരിച്ചടി

ഒമാനില്‍ സെയിൽസ് റെപ്രസേൻേറ്റീവ്, സെയിൽ പ്രമോട്ടർ, പർച്ചേഴ്സ് റെപ്രസേൻേറ്റീവ് തസ്തികകളിൽ വിസാവിലക്ക് ഏർപ്പെടുത്തി മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ ഉത്തരവ്. പ്രധാന തസ്തികകളില്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് മലയാളികള്‍ക്ക് വലിയ തിരിച്ചടിയാകുന്നു.

നിരവധി സൗകര്യങ്ങളുള്ളതിനാല്‍ ദുബൈയിൽ നിന്നും ചൈനയിൽ നിന്നും ചരക്കുകളും ഉൽപന്നങ്ങളും എത്തിക്കുന്നവരടക്കം നിരവധി പേരാണ് ഈ വിസയിൽ ജോലി ചെയ്യുന്നത്. ഈ വിസയുള്ളവർക്ക് ദുബൈയിലേക്ക് പോവാൻ വിസ നടപടികൾ എളുപ്പമായിരുന്നു. ശമ്പള പരിധിയില്ലാത്തതിനാൽ കുടുംബത്തെ കൊണ്ട് വരുന്നവർക്കും ഇത് സൗകര്യമായിരുന്നു. ഈ സൗകര്യങ്ങൾ മുൻ നിർത്തി മറ്റ് വിസകളിൽ ജോലി ചെയ്തിരുന്ന ആയിരകണക്കിന് മലയാളികൾ കഴിഞ്ഞ കാലങ്ങളിൽ വിസാ വിലക്ക് ഏർപ്പെടുത്തിയ തസ്തികകളിലേക്ക് മാറിയിട്ടുണ്ട്.

പുതിയ വിസ അനുവദിക്കില്ലെന്നും നിലവിൽ ഈ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കാലാവധി കഴിയുമ്പാൾ പുതുക്കി നൽകില്ലെന്നുമാണ് മന്ത്രാലയം അറിയിച്ചത്. വിസയുടെ ആനുകൂല്യത്തിൽ യു.എ.ഇയിൽ പോയി കടകളിൽ ഉൽപന്നങ്ങൾ എത്തിക്കുന്നവർക്കും ഇത് തിരിച്ചടിയാവും. അത്തരക്കാരുടെ കച്ചവടത്തെയും പുതിയ തീരുമാനം ബാധിക്കും. ഒമാനിൽ തുടരാനാഗ്രഹിക്കുന്നവർ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും താഴ്ന്ന വിഭാഗത്തിൽ പെട്ട വിസയിലേക്ക് മാറേണ്ടി വരും.