LiveTV

Live

Oman

നോര്‍ക്ക നിയമസഹായം യാഥാര്‍ഥ്യമായി; ഒമാനില്‍ കുടുങ്ങിയ മലയാളിക്ക് മോചനം

നോര്‍ക്ക നിയമസഹായം യാഥാര്‍ഥ്യമായി; ഒമാനില്‍ കുടുങ്ങിയ മലയാളിക്ക് മോചനം

ഒമാന്‍ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശൻ നാട്ടിലെത്തി. നോര്‍ക്കയുടെ പ്രവാസി നിയമസഹായ പദ്ധതിയിലൂടെ മോചനം നേടുന്ന ആദ്യ വ്യക്തിയാണ് ബിജു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിജുവിനെ കുടുംബാംഗങ്ങളും നോര്‍ക്ക അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു.

എട്ട് വർഷമായി ഒമാനിൽ ജോലി ചെയ്തിരുന്ന നെടുമങ്ങാട്, കൊല്ല പനവൂർ തടത്തരികത്ത് വീട്ടിൽ ബിജു സുന്ദരേശനാണ് ഇന്ന് പുലര്‍ച്ചെ നാട്ടില്‍ തിരിച്ചെത്തിയത്. സ്പോണ്‍സറുമായുളള തര്‍ക്കത്തെത്തുടര്‍ന്ന് ഇസ്‌കി പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെയാണ് ബിജുവിന്റെ കേസ് നോര്‍ക്ക ഏറ്റെടുക്കുന്നത്. നോർക്കയുടെയും ഒമാനിലെ ലീഗൽ കൺസൾട്ടന്റിന്റെയും നിരന്തരമായ ഇടപെടലുകൾ വഴി ബിജുവിനെതിരായ കേസുകൾ പിൻവലിക്കുകയും ലേബർ ഫൈൻ, ക്രിമിനൽ നടപടികൾ ഒഴിവാക്കി നാട്ടിലെത്തിക്കുകയും ചെയ്തു. ബിജുവിനെ കാത്ത് ഭാര്യ രാജിയും മക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. നോർക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ.വി. മത്തായി, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സി.വേണുഗോപാൽ എന്നിവരും സ്വീകരിക്കാനെത്തി. പ്രവാസി നിയമസഹായ സെൽ പദ്ധതിയിൻ കീഴിൽ കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ സ്ഥലങ്ങളിലാണ് നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ നിയമിച്ചിട്ടുള്ളത്. ചെറിയ കുറ്റകൃത്യങ്ങൾക്ക് വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നതാണ് പദ്ധതി.