LiveTV

Live

Oman

ഒമാനിൽ നിലവിൽ വന്ന പുതിയ വിദേശ നിക്ഷേപ നിയമം ബിസിനസ് മേഖലക്ക് ഉണർവേകുമെന്ന് വിലയിരുത്തൽ

ഒമാനിൽ നിലവിൽ വന്ന പുതിയ വിദേശ നിക്ഷേപ നിയമം ബിസിനസ് മേഖലക്ക് ഉണർവേകുമെന്ന് വിലയിരുത്തൽ

ഒമാനിൽ കഴിഞ്ഞ ജനുവരി ഏഴിന് നിലവിൽ വന്ന പുതിയ വിദേശ നിക്ഷേപ നിയമം ബിസിനസ് മേഖലക്ക് ഉണർവേകുമെന്ന് വിലയിരുത്തൽ. പുതിയ നിയമപ്രകാരം 37 മേഖലകളിലെ വ്യാപാരങ്ങൾ ഒഴിച്ചുള്ള മേഖലകളിൽ എല്ലാം നൂറ് ശതമാനം വിദേശ ഉടമസ്ഥതാവകാശം അനുവദിക്കും.

റസ്റ്റോറൻറുകൾ, കഫ്തീരിയകൾ, ബിൽഡിങ് മെറ്റീരിയൽ സ്ഥാപനങ്ങൾ, ഹൗസ്ഹോൾഡ് വിപണന ശാലകൾ തുടങ്ങി മലയാളികൾ കൂടുതലായി കച്ചവടം നടത്തുന്ന മേഖലകളിലെല്ലാം ഇനി സ്വദേശി സ്പോൺസറില്ലാതെ ഒമാനിൽ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയും. നേരത്തേ വിദേശ പങ്കാളികളുള്ള കമ്പനി ആരംഭിക്കാൻ കുറഞ്ഞ മൂലധനമായി ഒന്നര ലക്ഷം റിയാൽ വേണ്ടിയിരുന്നു. ഈ മാനദണ്ഡത്തിൽ വാണിജ്യ മന്ത്രാലയം ഇളവ് നൽകിയിട്ടുണ്ട്. ഇപ്പോൾ മൂവായിരം റിയാൽ മുതൽമുടക്കിൽ കമ്പനികൾ ആരംഭിക്കാം. അതേസമയം കമ്പനികളുടെ രജിസ്ട്രേഷൻ ഫീസ് മന്ത്രാലയം കുത്തനെ ഉയർത്തിയിട്ടുണ്ട്. മൂവായിരം റിയാൽ ആയാണ് ഫീസ് വർധിപ്പിച്ചിട്ടുള്ളത്. ഒമാനിൽ നിലവിൽ പ്രവർത്തിക്കുന്ന കമ്പനികളും രജിസ്ട്രേഷൻ പുതുക്കുേമ്പാൾ ഈ തുക ഫീസായി നൽകണം. പുതിയ കമ്പനികളുടെ പ്രൊജക്ടിന് ഒപ്പം ഫീസും അടച്ചാൽ വൈകാതെ അനുമതി ലഭിക്കുന്ന വിധത്തിലാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുള്ളത്.

അന്തരിച്ച സുൽത്താൻ ഖാബൂസ് ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച നിയമങ്ങളിൽ ഒന്നാണ് ഇത്. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രഖ്യാപിച്ച നിയമം ജനുവരിയിലാണ് പ്രാബല്ല്യത്തിൽ വന്നത്. വിദേശികൾക്ക് നിർബാധം ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങാനാകുന്നതോടെ സ്വദേശികളുടെ തൊഴിൽ ലഭ്യതയും ഉയരും. ഇതോടൊപ്പം ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്ക് ഫീസ് അടച്ച് നിയമപ്രകാരമായ രീതിയിലേക്ക് മാറാനുള്ള അവസരം കൂടിയാണ് പുതിയ നിയമം നൽകുന്നത്.