LiveTV

Live

Oman

കൊറോണ; ചൈനയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രി  

ഒമാനിൽ രോഗബാധ സംശയിക്കാവുന്ന ഒരു കേസുകളും ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ മേഖലയും കൊറോണ ബാധയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരുങ്ങിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.

കൊറോണ; ചൈനയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രി  

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സ്വദേശികളും വിദേശികളും ചൈനയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രി. അത്യാവശ്യമുണ്ടെങ്കിൽ മാത്രമാണ് യാത്ര പാടുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഒമാനിൽ കൈകൊണ്ട പ്രതിരോധ നടപടികളും മുന്നൊരുക്ക നടപടികളും അവലോകനം ചെയ്തു. കൊറോണയെ നേരിടാൻ ഒമാൻ സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ ഗവർണറേറ്റുകളിലും രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്ക നടപടികൾ നടപ്പിലാക്കാൻ ആരോഗ്യ ഏജൻസികൾ സുസജ്ജമാണ്.

ചൈനയിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുന്നതിന് ഒപ്പം ചൈനയിൽ നിന്ന് തിരികെ വരുന്നവർ അതിർത്തികളിൽ നിന്ന് നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും വേണം. ചൈനക്ക് ഒപ്പം മറ്റുരാജ്യങ്ങളിലും രോഗം പടരുന്നുണ്ടെങ്കിലും ഒമാനിൽ രോഗബാധ സംശയിക്കാവുന്ന ഒരു കേസുകളും ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ മേഖലയും കൊറോണ ബാധയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരുങ്ങിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.