LiveTV

Live

Oman

സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തിൽ അനുശോചനവുമായി രാഷ്ട്ര നേതാക്കൾ

പുതിയ സുൽത്താൻ ഹൈതം ബിൻ താരീഖ് ബിൻ തൈമൂർ അനുശോചനങ്ങൾ സ്വീകരിച്ചു

സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തിൽ അനുശോചനവുമായി രാഷ്ട്ര നേതാക്കൾ

സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തിൽ അനുശോചനവുമായി രാഷ്ട്ര നേതാക്കൾ മസ്കത്തിൽ. തലസ്ഥാന ഗവർണറേറ്റിലെ അൽ ആലം കൊട്ടാരത്തിൽ പുതിയ സുൽത്താൻ ഹൈതം ബിൻ താരീഖ് ബിൻ തൈമൂർ അനുശോചനങ്ങൾ സ്വീകരിച്ചു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ, കുവൈത്ത് അമീർ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഇറാൻ വിദേശകാര്യമന്ത്രി ഡോ.മുഹമ്മദ് ജവാദ് സാരിഫ്, ബഹറൈൻ രാജാവ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ, യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൾസ് രാജകുമാരൻ, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻവാലസ്, മുൻ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സർക്കോസി, തുണീഷ്യൻ പ്രസിഡൻറ് കൈസ് സഈദ് തുടങ്ങിയവർ അൽ ആലം കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ചു. വിവിധ രാഷ്ട്ര തലവൻ മാർ അനുശോചന സന്ദേശങ്ങളും അയച്ചതായി ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.

ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദും മറ്റു മന്ത്രിമാരും വിദേശ രാഷ്ട്ര തലവന്മാരെ സ്വീകരിക്കാൻ കൊട്ടാരത്തിലുണ്ടായിരുന്നു. സ്വദേശി പൗരന്മാരുടെ വലിയ നിര തന്നെയാണ് അനുേശാചനമറിയിക്കാൻ എത്തിയത്. ദുഖാചരണത്തിന്‍റെ ഭാഗമായി ഇന്നും നാളെയും കൂടി സുൽത്താൻ ഹൈതം അടക്കം രാജകുടുംബത്തിലെ വിശിഷ്ട വ്യക്തികൾ അൽ ആലം കൊട്ടാരത്തിൽ തങ്ങും. സുൽത്താൻ ഖാബൂസ് ഹൈവേയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിലും സുൽത്താൻ ഖാബൂസ് റോഡിന്‍റെ അരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.