LiveTV

Live

Oman

ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഭരണസമിതിയിലേക്കുള്ള വോട്ടെടുപ്പ് നാളെ

ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചുമണി വരെ ഐ.എസ്.എം മൾട്ടിപർപ്പസ് ഹാളിലാണ് വോട്ടെടുപ്പ്, ശനിയാഴ്ച രാത്രിയോടെ തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.

ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഭരണസമിതിയിലേക്കുള്ള വോട്ടെടുപ്പ് നാളെ

ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഭരണസമിതിയിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചുമണി വരെ ഐ.എസ്.എം മൾട്ടിപർപ്പസ് ഹാളിലാണ് വോട്ടെടുപ്പ്. ശനിയാഴ്ച രാത്രിയോടെ തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നടക്കുക. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ 5722 രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമാണ് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ അനുവാദമുള്ളത്.

വോട്ടവകാശവും ഐ.എസ്.എമ്മിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ്. 15 അംഗ സ്കൂൾ ഡയറക്ടർ ബോർഡിലേക്ക് രക്ഷകർത്താക്കളുടെ പ്രതിനിധികളായി അഞ്ച് പേരെയാണ് തെരഞ്ഞെടുക്കുക. വോട്ട്ചെയ്യാനെത്തുന്നവർ തിരിച്ചറിയൽ രേഖയായി ഒറിജിനൽ റെസിഡൻറ് കാർഡ് കൊണ്ടുവരണം.. വിദ്യാർഥികളുടെ ജി.ആർ നമ്പറും വോട്ട് ചെയ്യാനെത്തുന്നവർ കൈവശം വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ സതീഷ് നമ്പ്യാർ അറിയിച്ചു.

ആറ് മലയാളികൾ അടക്കം 11 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. നിലവിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായ സെല്‍വിച്ചന്‍ ജേക്കബ്, എൻ. സിറാജുദ്ദീന്‍, നിതീഷ് സുന്ദരേശന്‍ എന്നിവർ ഇക്കുറിയും മത്സര രംഗത്തുണ്ട്. ശാബു ഗോപി, അംബുജാക്ഷൻ, പി. ഹരിദാസ് എന്നീ മലയാളികൾക്ക് ഒപ്പം ദേവ്സിംഗ് പാട്ടീല്‍, സയിദ് സല്‍മാന്‍, അനില്‍ കുമാര്‍, എൻ.പൊന്നമ്പലം, ശിവകുമാര്‍ മാണിക്യം എന്നിവരാണ് മറ്റ് മത്സരാർഥികൾ. വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണയോടെയാണ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്. കൂടുതൽ പേർ വോട്ട് ചെയ്യാനെത്തുന്ന പക്ഷം മത്സരം കടുത്തതാകാനാണ് സാധ്യത.