LiveTV

Live

Oman

ഒമാനില്‍ വൈദ്യുതി, ജല മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുതിയ സ്വദേശിവത്കരണ തോത്

ഒമാനില്‍ വൈദ്യുതി, ജല മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുതിയ സ്വദേശിവത്കരണ തോത്

വൈദ്യുതി, ജല മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുതിയ സ്വദേശിവത്കരണ തോത് നിശ്ചയിച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു. ചില തസ്തികകളിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ വിദേശി ജീവനക്കാരെ പൂർണമായി ഒഴിവാക്കാൻ ഉത്തരവിൽ നിഷ്കർഷിക്കുന്നുണ്ട്. മലയാളികളടക്കം വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഉത്തരവ്.

വൈദ്യുതി, ജല മേഖലയിലെ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടിട്ടുള്ള സ്വകാര്യ കമ്പനികളെല്ലാം പുതിയ സ്വദേശിവത്കരണ തോത് പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജല കമ്പനികളിലെ മാനേജീരിയൽ തസ്തികകളിൽ പൂർണ സ്വദേശിവത്കരണമാണ് ഉത്തരവിൽ നിർദേശിക്കുന്നത്. മുപ്പത് ശതമാനത്തിൽ തുടങ്ങി കരാർ കാലാവധിയുടെ മൂന്നാം വർഷമാണ് പൂർണ സ്വദേശിവത്കരണം പ്രാബല്ല്യത്തിൽ വരുക. വൈദ്യുതി കമ്പനികളിലാകെട്ട കരാർ കാലാവധിയുടെ തുടക്കം മുതൽ നാലു വർഷത്തിനുള്ളിൽ 90 ശതമാനവും സ്വദേശിവത്കരണവും വേണം. ജല മേഖലയിലെ കമ്പനികളിൽ മാനേജർക്ക് പുറമെ, ഫീൽഡ് ടീം ലീഡർ, സബ്സ്ക്രൈബർ സർവിസസ് സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികകളിലും സ്വദേശി തൊഴിലാളികളെ നിയമിക്കേണ്ടി വരും. എഞ്ചിനീയർ തസ്തികകളിൽ അമ്പത് ശതമാനത്തിലാണ് സ്വദേശിവത്കരണം തുടങ്ങുക. അഞ്ചാം വർഷം ഇത് 75 ശതമാനമായി ഉയരും. വൈദ്യുതി മേഖലയിലെ കമ്പനികളിലെ എഞ്ചിനീയർ തസ്തികകളിൽ 40 ശതമാനത്തിലാണ് തുടക്കം. ഇത് ക്രമമായി ഉയർന്ന് നാലാം വർഷത്തിൽ 80 ശതമാനമാകും.