LiveTV

Live

Oman

വിസാവിലക്കും സ്വദേശിവത്കരണവും; ഒമാനില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവ്

വിസാവിലക്കും സ്വദേശിവത്കരണവും; ഒമാനില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവ്

വിസാ വിലക്കിന്റെയും കർശനമായ സ്വദേശിവത്കരണ നയങ്ങളുടെയും ഫലമായി ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ്. ഒരു വര്‍ഷത്തിനിടെ അറുപതിനായിരത്തിലേറെ വിദേശികളുടെ കുറവുണ്ടായെന്നാണ് കണക്കുകള്‍. മലയാളികളടക്കം വിദേശികൾ കൂടുതലായി ജോലി ചെയ്യുന്ന തസ്തികകളിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഏർപ്പെടുത്തിയ താൽക്കാലിക വിസാ വിലക്കാണ് ഒമാനിലേക്കുള്ള വിദേശികളുടെ വരവിനെ കാര്യമായി ബാധിച്ചത്.

2018 മെയ് മുതൽ 2019 മെയ് വരെ ഒരു വർഷത്തിനുള്ളിൽ ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ 65,397 പേരുടെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. നിർമാണ മേഖലയിൽ നിന്നാണ് വിദേശ തൊഴിലാളികൾ ഏറ്റവുമധികം കൊഴിഞ്ഞു പോയത്. ഫൈനാൻഷ്യൽ, ഇൻഷൂറൻസ്, മൈനിങ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒമാനികൾ ഏറ്റവുമധികം ജോലിയിൽ കയറിയത് മാനുഫാക്ചറിങ്, ഫുഡ് സർവിസ്, ട്രാൻസ്പോർട്ട് മേഖലകളിലാണെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെന്റെ റിപ്പോർട്ട് പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ജോലികൾ, റിയൽ എസ്റ്റേറ്റ്, ഹെൽത്ത്, സോഷ്യൽ വർക്ക് തുടങ്ങിയ മേഖലകളിലും സ്വദേശി തൊഴിലാളികളുടെ കൂടുതലായുള്ള സാന്നിധ്യമുണ്ട്.

സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25000 തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് 87 തസ്തികകളിൽ താൽക്കാലിക വിസാ വിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിലോടെ ഈ ലക്ഷ്യം കൈവരിച്ചെങ്കിലും വിസാ വിലക്ക് വീണ്ടും തുടരുകയായിരുന്നു. 2018 അവസാനത്തെ കണക്കുപ്രകാരം മൊത്തം 40000ത്തിലധികം സ്വദേശികൾക്കാണ് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചത്. ഈ വർഷം ജനുവരി മുതൽ മെയ് അവസാനം വരെ 27000ത്തോളം സ്വദേശികൾക്കും പുതുതായി തൊഴിൽ ലഭിച്ചു.