LiveTV

Live

Oman

വിമാനത്താവളത്തില്‍ പുതിയ സുരക്ഷാ സംവിധാനവുമായി മസ്കത്ത്

വിവിധ തരംഗ ദൈർഘ്യങ്ങളിലുള്ള ഒന്നിലധികം ഡ്രോണുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും

വിമാനത്താവളത്തില്‍ പുതിയ സുരക്ഷാ സംവിധാനവുമായി മസ്കത്ത്

ഡ്രോണുകളുടെയും, റേഡിയോഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെയും സാന്നിധ്യം കണ്ടെത്താൻ മസ്കത്ത് വിമാനത്താവളത്തിൽ പ്രത്യേക സംവിധാനം സ്ഥാപിക്കുന്നു. വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിൻെറ ഭാഗമായാണ് നടപടി. പ്രവർത്തനക്ഷമമായ ഡ്രോൺ ഡിറ്റക്ഷൻ സംവിധാനം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകും മസ്കത്തിലേത്.

ജർമൻ കമ്പനിയായ ആരോണിയ എ.ജി.ആർ ആൻറ് എൻ ഖിംജിയും (A.G.R & N Khimji) സംയുക്തമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒമാൻ വിമാനത്താവള കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അയ്മൻ ബിൻ അഹമ്മദ് അൽ ഹൊസ്നിയും രമേഷ് കിംജിയും ഒപ്പുവെച്ചു. വിമാനങ്ങളുടെ ലാൻറിങും ടേക്ക് ഓഫും സുരക്ഷിതമാക്കുന്നതിനും വിമാനത്താവള പരിസരത്തെ സുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നതെന്ന് ഒമാൻ വിമാനത്താവള കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അയ്മൻ അൽ ഹൊസ്നി പറഞ്ഞു.

വിവിധ തരംഗ ദൈർഘ്യങ്ങളിലുള്ള ഒന്നിലധികം ഡ്രോണുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും. സൂക്ഷ്മത ഉറപ്പുവരുത്തുന്നതിനായി ലോങ്റേഞ്ച് കാമറകളും സംവിധാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സംവിധാനമുള്ള ലോകത്തിലെ ആദ്യ വിമാനത്താവളമായി മസ്കത്ത് മാറുമെന്നും അൽ ഹൊസ്നി പറഞ്ഞു. വിമാനത്താവളത്തിൻെറ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഭദ്രതയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്.