LiveTV

Live

Oman

ഒമാന്‍ സ്വദേശിവത്കരണം; ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് തൊഴിൽ നഷ്ടമായത് 2,869 വിദേശികൾക്ക്

ഒമാന്‍ സ്വദേശിവത്കരണം;  ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് തൊഴിൽ നഷ്ടമായത് 2,869 വിദേശികൾക്ക്

ഒമാനിൽ സ്വദേശിവത്കരണത്തെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് തൊഴിൽ നഷ്ടമായത് 2,869 വിദേശികൾക്ക്. 2015 മുതലുള്ള നാലുവർഷ കാലയളവിലാണ് വിവിധ വിഭാഗങ്ങളിൽ നിന്നായി ഇത്രയും പേരെ പിരിച്ചുവിട്ടത്. ഇവർക്ക് പകരം സ്വദേശികളെ നിയമിച്ചതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി പറഞ്ഞു.

കഴിഞ്ഞ വർഷം അവസാനത്തെ കണക്ക് പ്രകാരം ആരോഗ്യ മന്ത്രാലയത്തിൽ 39,220 ജീവനക്കാരാണ് ഉള്ളത്. 71 ശതമാനമാണ് സ്വദേശിവത്കരണ തോതെന്നും മന്ത്രാലയത്തിലെ തൊഴിൽ സ്ഥിതി വിവര കണക്കുകൾ അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ വിഭാഗത്തിൽ എല്ലാ സ്പെഷ്യലൈസഷേനുകളിലും 39 ശതമാനം സ്വദേശിവത്കരണം എത്തിയിട്ടുണ്ട്. കൺസൾട്ടൻറ് ഡോക്ടർമാരിൽ 64 ശതമാനവും സ്പെഷ്യലിസ്റ്റുകളിൽ 26 ശതമാനവും ജനറൽ പ്രാക്ടീഷനർമാരിൽ 43 ശതമാനവും ദന്ത ഡോക്ടർമാരിൽ 82 ശതമാനവുമാണ് സ്വദേശിവത്കരണ തോത്. ഫാർമസിസ്റ്റ് വിഭാഗത്തിൽ 90 ശതമാനം സ്വദേശികളെ നിയമിച്ചതായി മന്ത്രി സഈദി പറഞ്ഞു. അസി.ഫാർമസിസ്റ്റ് വിഭാഗത്തിൽ ഇത് 75 ശതമാനമാണ്. നഴ്സിങ് വിഭാഗത്തിൽ 62 ശതമാനവും മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ വിഭാഗത്തിൽ 61 ശതമാനവും റേഡിയോളജിസ്റ്റുകളുടെ വിഭാഗത്തിൽ 62 ശതമാനവും സ്വദേശിവത്കരണം പൂർത്തിയായതായി ആരോഗ്യ മന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശിവത്കരണത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ നല്ല പങ്കും മലയാളികളാണ്. ഒമാനിൽ ഏറ്റവുമധികം വിദേശികൾ ജോലി ചെയ്തിരുന്ന മേഖലകളിൽ ഒന്നായിരുന്നു ആരോഗ്യ വകുപ്പ്.