LiveTV

Live

Oman

ഇറാൻ-അമേരിക്ക തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഒമാൻ

അമേരിക്കക്ക് വേണ്ടി ഇറാൻ സർക്കാരിലേക്ക് ഒരു സന്ദേശവും കൈമാറിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു

ഇറാൻ-അമേരിക്ക തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഒമാൻ

ഇറാൻ-അമേരിക്ക തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഒമാൻ. നിലവിലെ സംഘർഷാവസ്ഥ യുദ്ധത്തിലേക്ക് എത്താത്ത വിധത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ സ്ഥിതിഗതികൾ രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കക്ക് വേണ്ടി ഇറാൻ സർക്കാരിലേക്ക് ഒരു സന്ദേശവും കൈമാറിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 20ന് അമേരിക്കയുടെ ചാരവിമാനം ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്ന് അമേരിക്ക ഒമാൻ വഴി ഇറാന് മുന്നറിയിപ്പ് സന്ദേശം നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം മാധ്യമ റിപ്പോർട്ടുകൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച അമേരിക്കയുടെ ഇറാൻ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി ബ്രയാൻ ഹുക്ക് ഒമാൻ സന്ദർശനത്തിനെത്തി. വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവിയുമായും റോയൽ ഓഫീസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുമായും അമേരിക്കൻ പ്രതിനിധി കൂടികാഴ്ച നടത്തി. മേഖലയിലെ സ്ഥിതിഗതികളും ഇരു രാഷ്ട്രങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങളും കൂടികാഴ്ചയിൽ ചർച്ച ചെയ്തു. ഒമാനിലെ അമേരിക്കൻ അംബാസഡറും കൂടികാഴ്ചയിൽ പങ്കെടുത്തു.