LiveTV

Live

Oman

ഒമാനിൽ കൊറോണ വൈറസ്; രോഗബാധക്ക് കാരണം ഒട്ടകങ്ങളുമായുള്ള സമ്പർക്കമെന്ന് റിപ്പോർട്ട്

ഒമാനിൽ കൊറോണ വൈറസ്; രോഗബാധക്ക് കാരണം ഒട്ടകങ്ങളുമായുള്ള സമ്പർക്കമെന്ന്  റിപ്പോർട്ട്

ഒമാനിൽ മെർസ് കൊറോണ വൈറസ് ബാധിതരിൽ ബഹുഭൂരിപക്ഷം പേർക്കും രോഗം പിടികൂടിയത് ഒട്ടകങ്ങളുമായുള്ള സമ്പർക്കത്തെ തുടർന്നാണ് എന്ന് പഠന റിപ്പോർട്ട്. അറേബ്യൻ ഒട്ടകങ്ങളുടെ പ്രജനനവും, വിവിധ ഗവർണറേറ്റുകളിൽ ഒട്ടകയോട്ട മത്സരങ്ങളും നടക്കുന്ന ജനുവരി മുതൽ മാർച്ച് വരെയാണ് ഒട്ടകങ്ങളിൽ മെർസ് കൊറോണ വൈറസ് പടരുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ഒമാനിൽ ആദ്യ മെർസ് ബാധ റിപ്പോർട്ട് ചെയ്തത് 2013 ജൂണിലാണ്. കഴിഞ്ഞ വർഷം മാർച്ച് വരെ 11 രോഗബാധകളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരിൽ കൂടുതൽ പേരും വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നുള്ളവരായിരുന്നു. ഇതിൽ എട്ട് പേർക്ക് വീട്ടിൽ വളർത്തുന്ന ഒട്ടകങ്ങളിൽ നിന്നാണ് രോഗബാധയേറ്റത്. ഈ വർഷം ജനുവരി 27 മുതൽ ഫെബ്രുവരി 12 വരെ കാലയളവിൽ 13 പേർക്ക് കൂടി മെർസ് രോഗബാധയുണ്ടായി. ഇതിൽ എട്ടുപേർ വടക്കൻ ബാത്തിനയിൽ നിന്നുള്ളവരും നാലുപേർ തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നുള്ളവരുമായിരുന്നു. രണ്ട് ഗവർണറേറ്റുകളിലെയും രോഗബാധിതർക്കും ഒട്ടകങ്ങളുമായി സമ്പർക്കമുണ്ടായിരുന്നതായും റിപ്പോർട്ട് പറയുന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഡോ. സലാഹ്.ടി. അൽ അവൈദിയും റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗത്തിലെ ഡോ.ഫര്യാൽ ഖാമിസും നടത്തിയ പഠനം സംബന്ധിച്ച റിപ്പോർട്ട് ഒമാൻ മെഡിക്കൽ ജേർണലിൽ ആണ് പ്രസിദ്ധീകരിച്ചത്.