LiveTV

Live

Oman

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; ഒമാനില്‍ നിരവധി തസ്തികളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിവിധ തൊഴിൽ മേഖലകളിലെ ഉയർന്ന തസ്തികളിൽ കാര്യമായ തോതിൽ തന്നെ കൊഴിഞ്ഞു പോക്കുണ്ടായതായി ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; ഒമാനില്‍ നിരവധി തസ്തികളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

ഒമാനിൽ വിദേശ ജീവനക്കാരെ തൊഴിൽ മേഖലയിൽ നിയമിക്കുന്നതിന് നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ നിരവധി തസ്തികളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിവിധ തൊഴിൽ മേഖലകളിലെ ഉയർന്ന തസ്തികളിൽ കാര്യമായ തോതിൽ തന്നെ കൊഴിഞ്ഞു പോക്കുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.

ശാസ്ത്രീയ മേഖലയിലെ സ്പെഷ്യലിസ്റ്റുകൾ, സാങ്കേതിക വിദ്യ, മാനവ വിഭവ ശേഷി വിഭാഗം എന്നിവയിൽ 8.3 കൊഴിഞ്ഞു പോക്കുണ്ടായി. പ്രിൻസിപ്പൽ, എഞ്ചിനീയറിങ് അനുബന്ധ തൊഴിലുകളിൽ 7.5 ശതമാനം കുറഞ്ഞു. മാനുഷികം, ആരോഗ്യം, സാമൂഹിക പ്രവർത്തന മേഖലയിലാണ് ഏറ്റവും കൂടുതൽ വിദേശ ജീവനകാർ പിരിഞ്ഞു പോയത്.

ഈ കാലയളവിൽ ക്ലറിക്കൽ മേഖലയിൽ 7.2 ശതമാനത്തിനും ഫൈനാൻസ്, ഇൻഷ്യൂറൻസ് മേഖലയിൽ 5.9 ശതമാനത്തിനും ഉൽപാദന മേഖലയിലെ 4.9 ശതമാനം പേർക്കും ജോലി നഷ്ടപ്പെട്ടു. നിർമാണ മേഖലയിലെ വിദേശികളുടെ മൊത്തം തൊഴിൽ നഷ്ടം 12.9 ശതമാനമാണ്.

ഈ വർഷം 27,000 സ്വദേശികളാണ് സ്വകാര്യ മേഖലയിൽ ജോലിക്കെത്തിയത്. നിർമാണ മേഖല, സെയിൽസ്, വിതരണം, വ്യവസായം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ സ്വദേശികൾ ജോലിക്കെത്തിയത്.

നിർമാണ മേഖലയിൽ 8,000 ലധികം സ്വദേശികളെയാണ് പുതുതായി നിയമിച്ചത്. ട്രാവൽ, ടൂറിസം മേഖലയിൽ ആറ് ശതമാനം സ്വദേശികൾക്കും ചരക്കുഗതാഗത മേഖലയിൽ അഞ്ച് ശതമാനം സ്വദേശികൾക്കും ജോലി ലഭിച്ചു. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കിയതാണ് വിദേശികളുടെ തൊഴിൽ നഷ്ടത്തിന് കാരണം.