LiveTV

Live

Oman

ഒമാന്‍ തീരത്ത് രണ്ടു കപ്പലുകള്‍ക്ക് നേരെ ടോര്‍പിഡോ ആക്രമണം

എം.ടി ഫ്രന്റ് ആൾട്ടയർ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയിലൊന്ന്. 

ഒമാന്‍ തീരത്ത് രണ്ടു കപ്പലുകള്‍ക്ക് നേരെ ടോര്‍പിഡോ ആക്രമണം

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന ആക്രണത്തോടെ ഗൾഫ്​ മേഖലയിൽ രൂപപ്പെട്ട പ്രതിസന്​ധി മൂർഛിച്ചു. തായ്‌വാന്‍റെയും നോർവേയുടെയും ടാങ്കറുകൾക്ക് നേരെയാണ് ഇന്ന് ടോര്‍പ്പിഡോ ആക്രമണം ഉണ്ടായത്. മെയ്​ ആറിന്​ ഫുജൈറ തീരത്ത്​ നാല്​ എണ്ണ കപ്പലുകൾക്ക് നേരെ സമാന രീതിയിൽ ആക്രമണം നടന്നിരുന്നു.

ഇന്നു വെളുപ്പിനാണ്​ ടാങ്കറുകൾക്കു ​നേരെ ആക്രമണം ഉണ്ടായത്​. ടോര്‍പിഡോ ഉപയോഗിച്ച് കപ്പലുകളെ ലക്ഷ്യമിട്ടതാണെന്ന് കരുതുന്നു. സഹായം അഭ്യർഥിച്ച് രണ്ടു കപ്പലുകളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചെന്ന് ബഹ്​റൈൻ കേന്ദ്രമായ അമേരിക്കയുടെ അഞ്ചാം കപ്പൽപട വെളിപ്പെടുത്തി. മധ്യ പൗരസ്ത്യ ദേശത്തുള്ള യു.എസ് നാവിക സേനയുടെ കപ്പലുകളിലേക്കാണ് ആദ്യം സന്ദേശം വന്നത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനും. യു.എസ് കപ്പലുകൾ സഹായം ഉറപ്പാക്കുകയും ചെയ്​തു.

കൊക്കുവ കറേജ്യസ് എന്ന കപ്പലിലുണ്ടായിരുന്ന 21 പേർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെടാന്‍ ശ്രമിച്ചു. സമീപമുണ്ടായിരുന്ന കോസ്റ്റൽ എയ്സ് എന്ന കപ്പലാണ് സഹായവുമായി ആദ്യം എത്തിയത്. കപ്പലിലെ ഒരാൾക്ക് ചെറിയ പരിക്കുണ്ട്​. ടാങ്കറുകളിലുള്ള മെഥനോൾ സുരക്ഷിതമാണെന്നാണ്​ വിവരം. ഫുജൈറയിൽ നിന്ന് 70 നോട്ടിക്കൽ മൈലും ഇറാനിൽ നിന്ന് 14 നോട്ടിക്കൽ മൈലും അകലെയായിരുന്നു കപ്പലുകള്‍.

ആക്രമണത്തെ യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങൾ അപലപിച്ചു. എണ്ണവിതരണം തടയാനുള്ള ആസൂത്രിത നീക്കത്തി​ന്‍റെ ഭാഗമാണിതെന്നാണ്​ ജി.സി.സിയുടെ കുറ്റപ്പെടുത്തൽ. മെയ്​ മാസം നടന്ന ആക്രമണത്തിനു പിന്നിൽ ഒരു രാജ്യത്തി​ന്‍റെ ഇടപെടൽ വ്യക്​തമാണെന്ന്​ അന്വേഷണ റിപ്പോർട്ടിലുണ്ട്​. റിപ്പോർട്ട്​ യു.എൻ രക്ഷാസമിതിയുടെ പരിഗണനയിലാണ്​. അമേരിക്ക - ഇറാൻ സംഘർഷം കുറക്കാൻ ജപ്പാൻ പ്രധാനമന്ത്രി തെഹ്​റാനിൽ പര്യടനം തുടരുന്നതിനിടെയാണ്​ പുതിയ സംഭവം.