LiveTV

Live

Oman

വിദേശ തൊഴിലാളികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പുറത്തിറക്കി ഒമാന്‍

അവകാശങ്ങൾ ലംഘിക്കപ്പെടുകയോ ശമ്പളം വൈകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ നേരിടുകയോ ചെയ്താൽ തൊഴിലുടമക്കെതിരെ മന്ത്രാലത്തില്‍ പരാതി നല്‍കാം

വിദേശ തൊഴിലാളികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പുറത്തിറക്കി ഒമാന്‍

വിദേശ തൊഴിലാളികൾ പൊതുവായി പാലിക്കേണ്ട ചില മാർഗ നിർദേശങ്ങൾ ഉള്‍പ്പെടുത്തി ഒമാൻ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വീഡിയോ. രാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും നിയമപരിരക്ഷയും മനസിലാക്കാന്‍ വേണ്ടിക്കൂടിയാണ് വീഡിയോ പുറത്തിറക്കിയത്.

അവകാശങ്ങൾ ലംഘിക്കപ്പെടുകയോ ശമ്പളം വൈകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ നേരിടുകയോ ചെയ്താൽ തൊഴിലുടമക്കെതിരെ മന്ത്രാലത്തില്‍ പരാതി നല്‍കാം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മന്ത്രാലയത്തിനാണ് അധികാരമുള്ളത്.

നിയമപ്രകാരമുള്ള തൊഴിലുടമയിൽ നിന്ന് ഒളിച്ചോടരുത്. അനധികൃതമായി തൊഴിലെടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും വീഡിയോയില്‍ പറയുന്നു. ലേബർ കാർഡ്, തർക്ക പരിഹാരം, പ്രതിമാസ വേതനത്തിനുള്ള അവകാശം, അധിക സമയ ജോലിക്കുള്ള നിരക്കുകൾ തുടങ്ങിയ വിഷയങ്ങളും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

മോശം സാഹചര്യത്തിൽ വിദേശ തൊഴിലാളികൾ ജോലിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്ന് മന്ത്രാലയം കൈകൊണ്ട നടപടികളുടെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്.

തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ, താമസ സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മതിയായ സൗകര്യങ്ങൾ ലഭ്യമാക്കാത്ത പക്ഷം തൊഴിലാളികൾക്ക് ഒണ്‍ലൈനായും പരാതി നൽകാം.