LiveTV

Live

Oman

ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’ മസ്കത്തിൽ അരങ്ങേറി

ഗൾഫ് മാധ്യമത്തിനുള്ള മസ്കത്ത് നഗരസഭയുടെ ഉപഹാരവും സർട്ടിഫിക്കറ്റും എഞ്ചിനീയർ നഥയിൽ നിന്ന് വി.കെ ഹംസ അബ്ബാസ് ഏറ്റുവാങ്ങി.

ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’ മസ്കത്തിൽ അരങ്ങേറി

ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള' മസ്കത്തിൽ അരങ്ങേറി. ഖുറമിലെ ആംഫി തിയേറ്ററിൽ നടന്ന പരിപാടി പ്രവാസി സമൂഹത്തിന് മറക്കാൻ കഴിയാത്ത അനുഭവമാണ് സമ്മാനിച്ചത്.

മസ്കത്ത് ഫെസ്റ്റിവൽ കമ്മിറ്റി ഡയറക്ടറേറ്റ് അസി. ഡയറക്ടർ എഞ്ചിനീയർ നഥ അബ്ദുൽ റഹീം അൽ സദ്ജാലിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവർ മുഖ്യാതിഥിയായിരുന്നു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് അടക്കം നിരവധി പേര്‍ സന്നിഹിതരായിരുന്നു.

ഗൾഫ് മാധ്യമത്തിനുള്ള മസ്കത്ത് നഗരസഭയുടെ ഉപഹാരവും സർട്ടിഫിക്കറ്റും എഞ്ചിനീയർ നഥയിൽ നിന്ന് വി.കെ ഹംസ അബ്ബാസ് ഏറ്റുവാങ്ങി. അന്തരിച്ച വ്യവസായ പ്രമുഖനും ഗൾഫ് മാധ്യമം റസിഡന്‍റ് എഡിറ്ററുമായിരുന്ന എം.എ.കെ ഷാജഹാന്‍റെ ഓർമക്കായി തയാറാക്കിയ സുവനീർ വി.കെ ഹംസ അബ്ബാസ് അബ്ദുൽ ഹമീദ് ആദമിന് നൽകി പ്രകാശനം ചെയ്തു.

രമേഷ് പിഷാരടി, മിഥുൻ രമേശ്, മെൻറലിസ്റ്റ് ആദി, ഗസൽ ഗായകൻ ഷഹബാസ് അമൻ, ഗായകരായ വിധുപ്രതാപ്, സിതാര, നിരഞ്ജ് സുരേഷ്, ശ്രേയകുട്ടി, കാവ്യ അജിത്ത് എന്നിവർക്കൊപ്പം അറബ് ഗാന മികവുമായി നാദിർ അബ്ദുസലാം, 90കളിലെ ഹിന്ദി ഹിറ്റ് ഗാനങ്ങളുമായി മുഹമ്മദ് അഫ്സൽ തുടങ്ങിയവർ വേദിയിൽ അണിനിരന്നപ്പോള്‍ മസ്കത്തിന് അത് മറക്കാൻ കഴിയാത്ത അനുഭവമായി.

നടൻ ടൊവീനോ തോമസ് ഹാർമോണിയസ് കേരളയുടെ മുഖ്യാതിഥിയായിരുന്നു. ടോവിനോക്കുള്ള ഉപഹാരം ഷാഹി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹ്മാനും മാധ്യമം മാർക്കറ്റിങ് ജനറൽ മാനേജർ മുഹമ്മദ് റഫീഖും കൈമാറി. ഒമാനിലെ പ്രവാസി സമൂഹത്തിന്‍റെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിൽ ഒന്നായി മാറി ഹാർമണിയസ് കേരള.