LiveTV

Live

Oman

രാത്രി ഇനി നിര്‍മ്മാണ ജോലികള്‍ വേണ്ടെന്ന് മസ്കത്ത്

ചില കരാറുകാർ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിർമാണ ജോലികൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി

രാത്രി ഇനി നിര്‍മ്മാണ ജോലികള്‍ വേണ്ടെന്ന് മസ്കത്ത്

രാത്രി സമയങ്ങളിൽ നിർമാണ ജോലികൾ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ലംഘനമാണിത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭാ ഹോട്ട്ലൈനിലോ റോയൽ ഒമാൻ പൊലിസിലോ പബ്ലിക് പ്രോസിക്യൂഷനിലോ പരാതി നൽകണമെന്നും മസ്കത്ത് നഗരസഭ നിര്‍ദേശം നല്‍കി.

ചില കരാറുകാർ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിർമാണ ജോലികൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭയിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ സമയത്ത് നിർമാണ ജോലികൾ പാടില്ലെന്നാണ് 1992ലെ നഗരസഭാ നിയമത്തിന്റെ 104ാം വകുപ്പ് നിഷ്കർഷിക്കുന്നത്. കെട്ടിടം നിർമിക്കുമ്പോഴും പൊളിക്കുമ്പോഴുമെല്ലാം സമീപവാസികളുടെ സുരക്ഷയും അവരുടെ സ്വത്തിന്റെ സംരക്ഷണവും ജീവനക്കാരുടെയുമെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതിന് മതിയായ മുൻകരുതൽ നടപടികൾ എടുക്കണമെന്ന് നിയമത്തിന്റെ 105ാം വകുപ്പും നിഷ്കർഷിക്കുന്നു.

നിയമം ലംഘിക്കുന്ന കരാറുകാരിൽ നിന്ന് പിഴ ചുമത്തുകയും വർക്ക് പെർമിറ്റ് റദ്ദാക്കുന്നതടക്കം നടപടികൾ സ്വീകരിക്കുകയും ചെയ്യും. പരാതികളുടെ അടിസ്ഥാനത്തിൽ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ അനുമതിയില്ലാതെ രാത്രികളിലും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.