LiveTV

Live

OBITUARY

കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞ മഹാനടന്‍

അസാധാരണമായ കണ്ണുകളും അൽപ്പം ഉന്തിയ കവിളെല്ലുകളുമുള്ള ഇർഫാന്റെ മുഖചലനങ്ങളായിരുന്നു അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയിരുന്നത്.

കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞ മഹാനടന്‍

ജുറാസിക് വേൾഡ് എന്ന സിനിമ കണ്ടവരാരും സമീർ മസ്റാനി എന്ന ഇന്ത്യൻ ബിസിനസുകാരനെ മറക്കാനിടയില്ല. ഈ വേഷം അവതരിപ്പിച്ച ഇർഫാൻ ഖാൻ ദൈനോസറിനെ ആദ്യമായി കാണുന്ന ഒരു രംഗമുണ്ട്. 'ഇറ്റ് ഈസ് ഫന്റസ്റ്റിക്' എന്നാണ് ഇർഫാൻ പറയുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ വിടർന്ന കണ്ണുകളിലുള്ള ചലനമാണ് ഹോളിവുഡ് എന്തുകൊണ്ട് ഈ വേഷം ചെയ്യാൻ ഇർഫാനെ തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിനുള്ള ഉത്തരം. കണ്ണുകളായിരുന്നു ഇർഫാന്റെ എല്ലാമെല്ലാം. പാർക്കിനകത്തെ ലാബോറട്ടിയുടെ ചില്ലിൽ മൂലയിലൊരിടത്ത് ദൈനസോർ ഇടിച്ചതിന്റെ അടയാളം കാണാനുണ്ടായിരുന്നു. അതിലേക്ക് നോക്കി ബ്രീസ് ഡല്ലസ് ഹോവാർഡ് എന്ന ബ്രിട്ടീഷ് നടി അവതരിപ്പിച്ച ക്ളെയർ എന്ന കഥാപാത്രത്തോടു പറയുന്ന ഒരു ഡയലോഗുണ്ട്. ജീവിതം സന്തുഷ്ടമായിരിക്കാൻ നല്ലത് കാര്യങ്ങളൊന്നും നിങ്ങളുടെ നിയന്ത്രണത്തിൽ അല്ല എന്ന് വിശ്വസിക്കലാണ്. അല്ലേ? അൽപ്പമൊരു ഫിലോസഫിക്കൽ ആണെന്നു തോന്നുന്ന വർത്തമാനം. സിനിമയിൽ ഇർഫാൻ കുറച്ചു മാത്രമേ സംസാരിച്ചിരുന്നു എന്നു തോന്നും. കൂടുതലും പലതരം മുഖഭാവങ്ങളായിരുന്നു അദ്ദേഹത്തിന് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കൊടുത്തത്.

'ജുറാസിക് വേള്‍ഡി'ല്‍
'ജുറാസിക് വേള്‍ഡി'ല്‍

പിക്കു സിനിമയിലെ ആ ടാക്സി ഡ്രൈവറെ ആരു മറക്കാനാണ്? മലബന്ധത്തിന്റെ അസ്‌ക്യതയുള്ള ഭാസ്‌കർ ബാനർജിയായി അഭിനയിച്ച അമിതാഭ് ബച്ചനെയും കൊണ്ട് ദൽഹിയിൽ നിന്നും കൽക്കത്തയിലേക്ക് കാറോടിച്ചു പോകുന്ന റാണ എന്ന ഡ്രൈവർ. യൂറോപ്യൻ ക്ളോസറ്റിനു പകരം ഇന്ത്യൻ കമ്മോഡിൽ ഇരിക്കുന്നതിന്റെ ശാരിരീകമായ ഗുണഫലങ്ങൾ ബച്ചന് ഇർഫാൻ കാണിച്ചു കൊടുക്കുന്ന ആ രംഗം ആയിരിക്കണം പിക്കു സിനിമയുടെ മാസ്റ്റർ ഷോട്ട്. ഇമോഷനുകളെല്ലാം മോഷനുമായാണ് ബന്ധപ്പെട്ടു കിടക്കുന്നതെന്ന, അതായത് മലശോധനയാണ് മനോവികാരങ്ങളുടെ അടിസ്ഥാനമെന്ന ബച്ചന്റെ സിദ്ധാന്തത്തെ നേരിടുന്ന രംഗവും ക്ളാസിക്ക് എന്നേ വിശേഷിപ്പിക്കേണ്ടൂ. സലാം ബോംബെയിലെ കത്തയക്കുന്നയാളിൽ നിന്നും തുടങ്ങി സ്ളം ഡോഗ് മില്ല്യണയറിലെ പോലിസ് ഇൻസ്പെക്ടർ, ലൈഫ് ഓഫ് പൈയിലെ പൈ പട്ടേൽ, അമേസിംഗ് സ്പൈഡർ മാനിലെ ഡോ രഞ്ജിത്ത്, ലഞ്ച് ബോക്സിലെ സാജൻ ഫർണാണ്ടസ്, നെയിം സേക്കിലെ ബംഗാളി പ്രൊഫസർ തുടങ്ങി മൈറ്റി ഹേർട്ട്, ദ വാറിയർ, ഹാസിൽ, മഖ്ബൂൽ, ജസ്ബ, തൽവാർ, ഹിന്ദി മീഡിയം, ഇൻഫെർണോ, ഗുണ്ടെ, പാൻസിംഗ് തോമർ തുടങ്ങിയ സിനിമകളിൽ ഇന്ത്യക്കകത്തും പുറത്തുമായി അഭിനയിച്ച എത്രയെത്ര വേഷങ്ങൾ. ലഞ്ച് ബോക്സിൽ ഇർഫാൻ ചെയ്ത വേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ അത്യപൂർവ്വ ബഹുമതിയായ ഗ്രാൻഡ് റെയിൽ ഡി ഓർ ഇന്ത്യക്ക് നേടിത്തരുവോളം പ്രശംസ പിടിച്ചു പറ്റി. നീച കഥാപാത്രമായും നായകനായുമൊക്കെ ചെറുതും വലുതുമായ എത്രയോ വേഷങ്ങൾ.

പികുവില്‍ അമിതാഭ് ബച്ചനും ദീപിക പദുക്കോണിനുമൊപ്പം
പികുവില്‍ അമിതാഭ് ബച്ചനും ദീപിക പദുക്കോണിനുമൊപ്പം

അസാധാരണമായ കണ്ണുകളും അൽപ്പം ഉന്തിയ കവിളെല്ലുകളുമുള്ള ഇർഫാന്റെ മുഖചലനങ്ങളായിരുന്നു അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയിരുന്നത്. സിനിമാ താരങ്ങൾക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ആകാരഭംഗി ഉണ്ടെന്നോ ഇല്ലെന്നോ പറയാവുന്ന ഒരാൾ. അതേസമയം മുഖപേശികളുടെ ചെറിയ ചില അനക്കങ്ങൾ കൊണ്ടുതന്നെ കരുത്തുറ്റ ആശയവിനിമയം സാധ്യമായിരുന്ന നടൻ. ഇന്ത്യൻ സിനിമയുടെ ആഗോളതലത്തിൽ അറിയപ്പെട്ട മുഖങ്ങളിലൊന്നായിരുന്നു ഇർഫാൻ. മൂന്ന് ഇന്റർനാഷണൽ ഇന്ത്യൻ അക്കാദമി അവാർഡുകളും മൂന്ന് ഫിലിം ഫെയർ അവാർഡുകളും ഇർഫാൻ കരസ്ഥമാക്കി. മീരാ നായരുടെ നെയിം സേക്കിലൂടെയാണ് ഇർഫാൻ എന്ന നടനെ ഹോളിവുഡിൽ സിനിമാസ്വാദകർ തിരിച്ചറിഞ്ഞത്.

അസാധാരണമായ കണ്ണുകളും അൽപ്പം ഉന്തിയ കവിളെല്ലുകളുമുള്ള ഇർഫാന്റെ മുഖചലനങ്ങളായിരുന്നു അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയിരുന്നത്. സിനിമാ താരങ്ങൾക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ആകാരഭംഗി ഉണ്ടെന്നോ ഇല്ലെന്നോ പറയാവുന്ന ഒരാൾ. അതേസമയം മുഖപേശികളുടെ ചെറിയ ചില അനക്കങ്ങൾ കൊണ്ടുതന്നെ കരുത്തുറ്റ ആശയവിനിമയം സാധ്യമായിരുന്ന നടൻ. ഇന്ത്യൻ സിനിമയുടെ ആഗോളതലത്തിൽ അറിയപ്പെട്ട മുഖങ്ങളിലൊന്നായിരുന്നു ഇർഫാൻ.

അവിടുന്നിങ്ങോട്ട് സ്റ്റീവൻ സ്പിൽബർഗ്, ഡാന്നി ബോയൽ, മിഖായേൽ വിന്റർബോട്ടം തുടങ്ങി ലോക പ്രശസ്തരായ എത്രയോ സംവിധായകരുടെ സിനിമകളിൽ ഇർഫാൻ വേഷമിട്ടു. 1988ൽ പുറത്തിറങ്ങിയ മീരാ നായരുടെ സലാം ബോംബെക്കു ശേഷം കാര്യമായ സിനിമകളൊന്നും ഇർഫാനെ തേടി എത്തിയിരുന്നില്ല. 2002 ൽ ആസിഫ് കപാഡിയ എന്ന ബ്രിട്ടീഷ് സംവിധായകന്റെ ദ വാറിയർ എന്ന ചിത്രത്തിലൂടെയാണ് സിനിമകളിൽ ഇർഫാൻ ശ്രദ്ധേയമായ വേഷങ്ങളിലേക്ക് എത്തുന്നത്. ഈ സിനിമ സാൻ സെബാസ്റ്റിയൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഏറ്റവും മികച്ച ബ്രിട്ടീഷ് ചിത്രത്തിനുള്ള ബാഫ്ട അവാർഡ് കരസ്ഥമാക്കുകയും ചെയ്തതോടെയാണ് ഇർഫാന്റെ ഭാഗ്യരേഖകൾ തെളിയുന്നത്. അവിടുന്നിങ്ങോട്ടുള്ള കാലത്ത് രാജ്യത്തിനകത്തും പുറത്തും ഏറ്റവും തിരക്കു പിടിച്ച നടൻമാരിലൊരാളായിരുന്നു സാഹബ്സാദാ ഇർഫാൻ അലി ഖാൻ എന്ന ഇർഫാൻ ഖാൻ.

2018 മാർച്ചിലാണ് ന്യൂറോ എൻഡോക്രെയിൻ ട്യൂമർ എന്ന അത്യപൂർവ്വ ക്യാൻസർ രോഗത്തിന് ഇർഫാൻ അടിപ്പെടുന്നത്. ചികിത്സ ഏതാണ്ട് അസാധ്യമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഈ ക്യാൻസറിനെതിരെ നടന്ന ഐതിഹാസികമായ പോരാട്ടമായിരുന്നു പിന്നീടുണ്ടായത്. 'കീഴടങ്ങിയെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു'വെന്ന തലക്കെട്ടിൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പ് ചികിത്സയിലേക്കു കടക്കുന്നതിനു തൊട്ടു മുമ്പെ ആരാധകർക്കായി അദ്ദേഹം പുറത്തു വിട്ടിരുന്നു. ഒരു വർഷം ഇംഗ്ളണ്ടിൽ ചികിൽസ നേടി ഇന്ത്യയിലേക്കു മടങ്ങിയ ഇർഫാൻ രോഗമുക്തി നേടിയെന്നാണ് വിശ്വസിക്കപ്പെട്ടത്. ഇക്കാലത്ത് ഹോമി അതജാനിയയുടെ അങ്ക്‍രേസി മീഡിയം എന്ന സിനിമയുടെ ജോലികൾ പൂർത്തിയാക്കുകയും ഡിജിറ്റൽ പതിപ്പ് പുറത്തിറക്കുകയും ചെയ്തു. ചില പരസ്യചിത്രങ്ങളിലും ഇർഫാൻ മുഖം കാണിച്ചിരുന്നു. തിങ്കളാഴ്ചയാണ് കുടൽ അണുബാധയെ തുടർന്ന് നടനെ മുംബെയിൽ മുംബെയിലെ കോകിലാബെൻ ആശുപത്രിയിലേക്കു നീക്കിയെന്ന വാർത്തകൾ പുറത്തു വന്നത്. ഇർഫാൻ മരിച്ചുവെന്ന കിംവദന്തികളും ഇന്നലെ മുതൽ പ്രചരിച്ചിക്കുന്നുണ്ടായിരുന്നു.

ഇര്‍ഫാന്‍ ഖാനും ഭാര്യ സുതാപ സിക്ദറും
ഇര്‍ഫാന്‍ ഖാനും ഭാര്യ സുതാപ സിക്ദറും

പിക്കു പോലുള്ള ഇർഫാന്റെ ഏതാനും സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവു കൂടിയായ സുതാപ സിക്ദറാണ് ഇർഫാന്റെ സഹധർമ്മിണി. രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക്. ബാബിൽ ഖാനും ആയാൻ ഖാനും. രാജസ്ഥാനിലെ കോട്ടയിൽ 1967ൽ ജനിച്ച ഇർഫാന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയവരിൽ ഒരാളായിരുന്നു മാതാവ് ബീഗം ഖാൻ. ഇർഫാനെ കൊണ്ട് നെയിം സേക്കിൽ ബംഗാളി പ്രൊഫസറുടെ വേഷമിടീച്ച മീരാനായറെ ബീഗം കണക്കിന് ചീത്ത വിളിച്ചതായും ചില ഗോസിപ്പു കഥകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ശിനാഴ്ചയായിരുന്നു ബീഗം ലോകത്തോടു വിടവാങ്ങിയത്. ജയ്പ്പൂരിൽ അവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ലോക്ക്ഡൗൺ ഇർഫാനെ അനുവദിച്ചില്ല. ജീവിതത്തിന്റെ മായികമായ മറ്റൊരു ഭാഗം അനുഭവിക്കുന്നതു പോലെയാണെന്നാണ് ഇപ്പോഴത്തെ ജീവിതമെന്നാണ് ലണ്ടനിലെ ചികിൽസക്കു ശേഷം മടങ്ങിയെത്തിയ ഇർഫാൻ ട്വിറ്ററിൽ കുറിച്ചത്. മാന്ത്രികമായ ആ കാലഘട്ടം പക്ഷെ അധികമൊന്നും നീണ്ടുനിന്നില്ല. ബോളിവുഡിലും ഹോളിവുഡിലും ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി ബുധനാഴ്ച കാലത്ത് അതുല്യനടൻ ലോകത്തോടു വിടവാങ്ങി.