Top

മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വലി റഹ്‌മാനി അന്തരിച്ചു

മുസ്‌ലിം സമുദായത്തിന്റെ അപരിഹാര്യമായ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്ന് വ്യക്തിനിയമ ബോർഡ് ട്വീറ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    3 April 2021 11:44 AM GMT

  • Updated:

    2021-04-03 11:44:49.0

മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വലി റഹ്‌മാനി അന്തരിച്ചു
X

ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വലി റഹ്‌മാനി അന്തരിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു എഴുപത്തിയേഴുകാരനായ അദ്ദേഹത്തിന്റ അന്ത്യം. അനാരോഗ്യം മൂലം കുറച്ച് ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ അപരിഹാര്യമായ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്ന് വ്യക്തിനിയമ ബോർഡ് ട്വീറ്റ് ചെയ്തു.

ലഖ്‌നോ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ സ്ഥാപകനായ മൗലാന മുഹമ്മദലി മോൻഗീരിയുടെ പുത്രൻ മൗലാന മിന്നത്തുല്ല റഹ്‌മാനിയുടെ മകനാണ് വലി റഹ്‌മാനി. 1943 ലാണ് ജനനം. 1974ൽ ബിഹാർ നിയമസഭാംഗമായിരുന്നു. കുടുംബത്തിന്റെ ആത്മീയ കേന്ദ്രമായ ഖാൻഖാഹേ റഹ്‌മാനിയ്യയിൽ നിന്ന് ആരംഭിച്ച ശരീഅത്ത് സംരക്ഷണ യത്‌നം 1972 ൽ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ രൂപീകരണത്തിന് അടിത്തറ പാകി.

ഏക സിവിൽ കോഡ്, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ മൗലാന റഹ്‌മാനി സമുദായത്തിന്റെ ശബ്ദമായി നിലകൊണ്ടു. ബംഗ്ലാദേശികൾ എന്ന് മുദ്ര കുത്തി പൗരത്വ പ്രശ്‌നം നേരിടുന്ന അതിർത്തി സംസ്ഥാനങ്ങളിലെ മുസലിംകൾക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ഉറുദു ഭാഷയുടെയും ഇസ്ലാമിക കലാലയകളുടെയും സംരക്ഷണത്തിന് വേണ്ടി അദ്ദേഹം നിരന്തരം ഭരണകൂടങ്ങളുമായി കൂടിക്കാഴ്ച നടത്തി. മൗലാനാ ആസാദിന്റെ വിദ്യാഭ്യാസ ചിന്തകളിൽ ആകൃഷ്ടനായിരുന്ന മൗലാന വലി റഹ്‌മാനി മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അനേകം പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം രൂപം കൊടുത്ത റഹ്‌മാനി ഫൗണ്ടേഷൻ ഐഐടി/ജെഇഇ, എയിംസ് പ്രവേശന പരീക്ഷകൾക്ക് പിന്നോക്ക സമുദായങ്ങളിലെ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സംരംഭവുമായി മുന്നോട്ട് പോകുന്നു. റഹ്‌മാനി തേർട്ടി എന്ന മറ്റൊരു വിദ്യാഭ്യാസ പദ്ധതിയും മൗലാന രൂപം കൊടുത്തിട്ടുണ്ട്. റഹ്‌മാനി ബി.എഡ് കോളേജ്, ഹിഫ്സ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്നുണ്ട്.

11 പുസ്തകങ്ങളുടെ കർത്താവാണ്. ആനുകാലികങ്ങളിൽ നൂറിലേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 'ഹയാത്തെ വലി' എന്ന പേരിൽ അദ്ദേഹത്തിന്റെ സമഗ്രമായ ജീവിതവും സേവനങ്ങളും വിവരിച്ചു കൊണ്ട് ഷാഹ് ഇമ്രാൻ ഹസൻ ആത്മകഥാപരമായ പുസ്തകം രചിച്ചിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story