Top

അമിത് ഷാ - ശരത് പവാർ അത്താഴവിരുന്ന് മഹാരാഷ്ട്രയിലെ സഖ്യസർക്കാറിന്റെ മരണമണിയോ?

പവാർ അടക്കമുള്ള എൻ.സി.പി ഉന്നത നേതൃത്വത്തിനു മേൽ പിടിമുറുക്കാനും അതുവഴി മഹാരാഷ്ട്ര സർക്കാറിനെ മറിച്ചിടാനും അമിത് ഷാ ഒരുങ്ങുന്നു എന്ന സൂചനക്കിടെയാണ് അഹമ്മദാബാദിലെ ദുരൂഹമായ അത്താഴം.

MediaOne Logo

Web Desk

National Desk

  • Published:

    29 March 2021 1:48 PM GMT

  • Updated:

    2021-03-29 13:48:03.0

അമിത് ഷാ - ശരത് പവാർ അത്താഴവിരുന്ന് മഹാരാഷ്ട്രയിലെ സഖ്യസർക്കാറിന്റെ മരണമണിയോ?
X

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എൻ.സി.പി അധ്യക്ഷൻ ശരത് പവാറും തമ്മിൽ ഗുജറാത്തിൽ വെച്ചുനടന്ന കൂടിക്കാഴ്ചയാണിപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ചൂടുള്ള ചർച്ചാ വിഷയം. മഹാരാഷ്ട്ര ഭരിക്കുന്ന 'മഹാവികാസ് അഘാഡി'യിൽ ശിവസേന കഴിഞ്ഞാൽ വലിയ കക്ഷിയായ എൻ.സി.പിയുടെ തലവൻ ബി.ജെ.പിയുടെ ചാണക്യനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിനു പിന്നിൽ സ്ഥാപിത ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നത്.

കൂടിക്കാഴ്ചയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകരോട് 'എല്ലാം പരസ്യമായി പറയാൻ കഴിയില്ല' എന്ന് അമിത് ഷാ പറഞ്ഞതും എൻ.സി.പിക്കാരനായ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങളുയർന്നതും ഒരു രാഷ്ട്രീയ'ട്വിസ്റ്റി'നുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വഴിത്തിരിവായേക്കാവുന്ന ഹൈ-പ്രൊഫൈൽ ഡിന്നർ

ബി.ജെ.പി നേതൃത്വവുമായി അടുപ്പം പുലർത്തുന്ന ഒരു കോടീശ്വരന്റെ അഹമ്മദാബാദിലുള്ള വീട്ടിലാണ് ശനിയാഴ്ച രാത്രി അമിത് ഷായും ശരത് പവാറും അടങ്ങുന്ന രഹസ്യ ഡിന്നർ നടന്നത്. 80-കാരനായ പവാറിനൊപ്പം വിശ്വസ്തനും പാർട്ടിയിലെ പ്രമുഖനുമായ പ്രഫുൽ പട്ടേലുമുണ്ടായിരുന്നു. പ്രൊട്ടോകോൾ അവഗണിച്ച് സ്വയം ഡ്രൈവ് ചെയ്താണ് അമിത് ഷാ ആഢംബര ഭവനത്തിലെത്തിയത്. ഇരുനേതാക്കളും തമ്മില്‍ ഒന്നിച്ച് അത്താഴമുണ്ടു എന്ന് എന്‍.ഡി.ടി.വി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, അതേപ്പറ്റി പ്രതികരിക്കാന്‍ ബി.ജെ.പി നേതാവ് തയ്യാറായില്ല. എന്‍.സി.പിയാകട്ടെ, അങ്ങനെയൊരു കൂടിയിരുത്തം ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്.

ഏതായാലും, അഹമ്മദാബാദിലെ ബംഗ്ലാവില്‍ അത്താഴത്തിനു വിളമ്പിയ വെജിറ്റേറിയൻ ഭക്ഷണങ്ങളല്ല, അന്നു രാത്രി പാകംചെയ്തു തുടങ്ങിയ രാഷ്ട്രീയ വിഭവങ്ങളാവും ഇനി ദേശീയ രാഷ്ട്രീയത്തെ ആകർഷിക്കുക എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

അനില്‍ ദേശ്മുഖ് എന്ന പ്രതിസന്ധി

റിലയൻസ് അധിപൻ മുകേഷ് അംബാനിയുടെ മുംബൈയിലെ ബംഗ്ലാവിനു മുന്നിൽനിന്ന് സ്‌ഫോടക വസ്തുക്കൾ നിറച്ച എസ്.യു.വി കണ്ടെടുക്കുകയും വാഹന ഉടമയുടെ മൃതദേഹം കടലിൽ കാണപ്പെടുകയും ചെയ്തതിനു ശേഷം മഹാരാഷ്ട്രയിലെ സഖ്യകക്ഷി സർക്കാർ പ്രതിസന്ധിയിലാണ്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെക്ക് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് മുഖ്യപ്രതിപക്ഷമായ ബി.ജെ.പി രംഗത്തുവന്നു. എൻ.സി.പി ആരോപണം നിഷേധിച്ചെങ്കിലും കേസ് എൻ.ഐ.എ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനു പുറമെ മുൻ മുംബൈ പൊലീസ് തലവൻ പരംബീർ സിങ്, അനിൽ ദേശ്മുഖിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തു.

എൻ.ഐ.എയെ ഉപയോഗിച്ച് സച്ചിൻ വാസെയിലൂടെ പവാർ അടക്കമുള്ള എൻ.സി.പി ഉന്നത നേതൃത്വത്തിനു മേൽ പിടിമുറുക്കാനും അതുവഴി മഹാരാഷ്ട്ര സർക്കാറിനെ മറിച്ചിടാനും അമിത് ഷാ ഒരുങ്ങുന്നു എന്ന സൂചനക്കിടെയാണ് അഹമ്മദാബാദിലെ ദുരൂഹമായ അത്താഴം. പാർട്ടിയിൽ ചർച്ച ചെയ്യാതെ അതീവ രഹസ്യമായാണ് പ്രഫുൽ പട്ടേലുമൊത്ത് പവാർ ഗുജറാത്തിലെത്തിയതും കോടീശ്വരന്റെ ബംഗ്ലാവിൽ അത്താഴമുണ്ടതും.

ബി.ജെ.പിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അനിൽ ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ടരുത് എന്നാണ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നത്. ബി.ജെ.പി ആരോപണമുന്നയിക്കുമ്പോഴേക്ക് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടതാണ് രണ്ടാം യു.പി.എ സർക്കാറിന് തിരിച്ചടിയായതെന്നും, ഒരു മന്ത്രി രാജിവെക്കേണ്ടി വന്നാൽ അത് സർക്കാറിന് തിരിച്ചടിയാകുമെന്നും പവാർ താക്കറെയെ ഉപദേശിച്ചു. എന്നാൽ, സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്ത് നിലപാടിൽ ഉറച്ചുനിൽക്കുന്നതിനു പകരം അമിത് ഷായുമായി ചർച്ചക്കുപോയ പവാർ സർക്കാറിന്റെ ഭാവിയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് വഴിമരുന്നിടുകയാണ് ചെയ്തത്.

മുന്നണിയിലും വിള്ളൽ?

അനിൽ ദേശ്മുഖിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ തങ്ങൾക്കുള്ള കടുത്ത അതൃപ്തി ശിവസേന മറച്ചുവെക്കുന്നില്ല. ദേശ്മുഖിനെ 'അവിചാരിത ആഭ്യന്തരമന്ത്രി' എന്നു വിശേഷിപ്പിച്ച് സേനാ നേതാവ് സഞ്ജയ് റാവത്ത് സാമ്‌നയിൽ എഡിറ്റോറിയൽ എഴുതി. മുംബൈ പൊലീസ് കമ്മീഷറുടെ ഓഫീസിലിരുന്ന് സച്ചിൻ വാസെ ഒരു ധനശേഖരണ റാക്കറ്റ് നടത്തുകയായിരുന്നുവെങ്കിൽ അത് ആഭ്യന്തരമന്ത്രി അറിയേണ്ടതല്ലേയെന്നും വാസെയെ സംരക്ഷിച്ചത് ആരാണെന്നും റാവത്ത് ചോദിച്ചു.

ദേശ്മുഖിനെതിരെ നടപടിയെടുക്കരുതെന്നാണ് എൻ.സി.പിയുടെ ആവശ്യമെങ്കിൽ ശിവസേന - എൻ.സി.പി - കോൺഗ്രസ് മുന്നണിയുടെ മുന്നോട്ടുള്ള പോക്ക് അത്ര എളുപ്പമാവില്ലെന്നതാണ് നിലവിലെ സ്ഥിതി. ദേശ്മുഖിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ മഹാരാഷ്ട്ര സർക്കാറിനെ കുരുക്കാൻ ശ്രമിക്കുമെന്നും ഇതിൽ നിന്നു രക്ഷപ്പെടാൻ മന്ത്രിയെ പുറത്താക്കുക മാത്രമാണ് വഴിയെന്നുമാണ് സഖ്യകക്ഷിയിലെ പൊതുവികാരം. എന്നാൽ, ഇക്കാര്യത്തിൽ ഒരുറച്ച തീരുമാനമെടുക്കാനുള്ള ധൈര്യം മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെക്കു പോലുമില്ല. ഈ പശ്ചാത്തലത്തിൽ, സഖ്യം പൊളിഞ്ഞാൽ ബി.ജെ.പി തങ്ങളുടെ മുന്നിലുള്ള ഒരു വഴിയാണെന്ന സന്ദേശം ശിവസേനക്കും നൽകുകയാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലൂടെ പവാറിന്റെ ഉദ്ദേശ്യം എന്ന് രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story