രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; 62,714 പേർക്ക് പുതുതായി രോഗം
പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.13 കോടി കടന്നു

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 62,714 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ 18ാമത്തെ ദിവസമാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 312 മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. മൂന്നുമാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,61,552 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 4,86,310 പേരാണ് ചികിത്സയിലുള്ളത്.
ഒക്ടോബർ 16ന് 63,371 കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം 62,000 ത്തിൽ അധികം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് ശനിയാഴ്ചയാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.13 കോടി കടന്നു.
94.58 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.35 ശതമാനവും. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. 24 മണിക്കൂറിനിടെ 36,000 കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രക്ക് പുറമെ കർണാടക, ഛത്തീസ്ഗഡ്, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ.