Top

ഹെലികോപ്ടര്‍, ഒരു കോടി രൂപ, ചന്ദ്രനിലേക്ക് ടൂര്‍.. വാഗ്ദാന പെരുമഴയുമായി സ്ഥാനാര്‍ഥി

എന്തുകൊണ്ട് ഇത്തരം വാഗ്ദാനങ്ങളെന്ന ചോദ്യത്തിന് ശരവണന് ഉത്തരമുണ്ട്..

MediaOne Logo

Web Desk

Web Desk

  • Updated:

    2021-03-25 09:38:53.0

Published:

25 March 2021 9:38 AM GMT

ഹെലികോപ്ടര്‍, ഒരു കോടി രൂപ, ചന്ദ്രനിലേക്ക് ടൂര്‍.. വാഗ്ദാന പെരുമഴയുമായി സ്ഥാനാര്‍ഥി
X

തമിഴ്നാട്ടിലെ ഒരു സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് വമ്പിച്ച വാഗ്ദാനങ്ങളാണ് നല്‍കുന്നത്. മിനി ഹെലികോപ്ടർ, ഓരോ വര്‍ഷവും ഓരോ കുടുംബത്തിനും ഒരു കോടി രൂപ, വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍, വീട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര എന്നിങ്ങനെ വാഗ്ദാന പെരുമഴയുമായാണ് തുലം ശരവണന്‍ എന്ന സ്ഥാനാര്‍ഥി വോട്ടര്‍മാരെ സമീപിക്കുന്നത്. സൌത്ത് മധുര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ശരവണന്‍ ജനവിധി തേടുന്നത്.

വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ റോബോട്ട്, ഒരു ബോട്ട്, ബഹിരാകാശ ഗവേഷണ കേന്ദ്രം, വേനലിലെ ചൂട് ചെറുക്കാൻ മധുരയിൽ കൃത്രിമ മഞ്ഞുമല എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ. ഇത്തരം വാഗ്ദാനങ്ങള്‍ എന്തുകൊണ്ടെന്ന് 34കാരനായ ശരവണന്‍ വിശദീകരിക്കുന്നതിങ്ങനെ-

"ചവറ്റുകുട്ട ചിഹ്നത്തിലാണ് ഞാന്‍ മത്സരിക്കുന്നത്. ഒരിക്കലും നിറവേറ്റാത്ത വാഗ്ദാനങ്ങളില്‍ വീഴാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വോട്ടുകൾ ചവറ്റുകുട്ടയില്‍ എറിയാം എന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുവരുന്ന ഞാന്‍ 20000 രൂപ പലിശയ്ക്കെടുത്താണ് നാമനിര്‍ദേശം സമര്‍പ്പിച്ചതും തെരഞ്ഞെടുപ്പ് ചെലവുകള്‍ നടത്തുന്നതും. ജനങ്ങളുടെ ക്ഷേമത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ല. അധികാരത്തിലിരിക്കുമ്പോൾ അവർ യുവാക്കള്‍ക്ക് ജോലി നൽകാനോ കാർഷിക മേഖലയെ പരിപോഷിപ്പിക്കാനോ ശുദ്ധവായു ഉറപ്പാക്കാനോ നദികളെ ബന്ധിപ്പിക്കാനോ ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് അവർ പണം വലിച്ചെറിയുന്നു. ശരിയായ തീരുമാനമെടുക്കാൻ അനുവദിക്കാതെ ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. അവർ രാഷ്ട്രീയം മലിനമാക്കി സമ്പന്നരുടെ സംരക്ഷകരായി മാറി".

തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങളില്‍ വീണുപോകുന്നതിനെതിരെ അവബോധമുണ്ടാക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള ശരവണന്‍ പറയുന്നു. തന്‍റെ കയ്യില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണമില്ല. പക്ഷേ തന്‍റെ വാഗ്ദാനങ്ങള്‍ വാട്സ് ആപ്പില്‍ വൈറലാണ്. ആളുകള്‍ ഈ വാഗ്ദാനങ്ങളെ കുറിച്ചും എന്തുകൊണ്ട് അത്തരം വാഗ്ദാനങ്ങളെന്നും ചിന്തിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും ഇത് തന്‍റെ വിജയമാണെന്ന് ശരവണന്‍ പറയുന്നു.

എഐഎഡിഎംകെയും ഡിഎംകെയും മക്കള്‍ നീതി മയ്യവുമെല്ലാം വന്‍ വാഗ്ദാനങ്ങളാണ് വോട്ടര്‍മാര്‍ക്ക് ഇത്തവണയും നല്‍കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും വാഷിങ് മെഷീന്‍, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപ, സൌജന്യമായി ആറ് ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയവയാണ് എഐഎഡിഎംകെയുടെ വാഗ്ദാനം. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും എന്നാണ് ഡിഎംകെയുടെ പ്രധാന വാഗ്ദാനം. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ലോണ്‍ എഴുതിത്തള്ളും, സൌജന്യ ടാബും ഇന്‍റര്‍നെറ്റും നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്നാണ് കമല്‍ ഹാസന്‍റെ പ്രധാന വാഗ്ദാനം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story